ദുബൈ: ദേശീയഗാനം കേട്ടപ്പോൾ കടുത്ത വെയിലിനെ അവഗണിച്ച് നിശ്ചലമായി നിന്ന സ്കൂൾ കുട്ടികളെ കാണാൻ നേരിട്ടെത്തി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. ആറു വയസ്സുകാരൻ മൻസൂർ അൽ ജോക്കറിനെയും അഞ്ചു വയസ്സുകാരൻ അബ്ദുള്ള മിറാനേയുമാണ് ശൈഖ് ഹംദാൻ നേരിട്ടെത്തി അഭിനന്ദിച്ചത്.
യു.എ.യുടെ ദേശീയഗാനം കേട്ടപ്പോൾ വെയിലത്തുനിന്ന് പിന്മാറാതെ നിശ്ചലമായി നിൽക്കുന്ന ഇരുവരുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലേക്ക് പോകും വഴിയാണ് ഇരുവരും ദേശീയഗാനം കേൾക്കുന്നത്. സ്കൂൾ മുറ്റത്തേക്ക് ഓടുന്നതിന് പകരം കടുത്ത വെയിലായിട്ടും ഇരുവരും അനങ്ങാതെ നിൽക്കുകയായിരുന്നു. ദേശീയ ഗാനം പൂർത്തിയായ ശേഷം കുട്ടികൾ സ്കൂൾ ഗേറ്റ് കടക്കുന്ന വിഡിയോ സ്കൂൾ സൂപ്പർവൈസറാണ് മൊബൈലിൽ ചിത്രീകരിച്ചത്. ഈ വിഡിയോ ദുബൈ പോസ്റ്റ് പങ്കുവെച്ചതോടെ അതിവേഗം വൈറലാവുകയായിരുന്നു.
ശൈഖ് ഹംദാന്റെ ശ്രദ്ധയിലും വിഡിയോ എത്തിയതോടെയാണ് അദ്ദേഹം കുട്ടികളെ കാണാൻ നേരിട്ടെത്തിയത്. ഹംദാൻ കുട്ടികളുമായി സംസാരിക്കുന്ന ചിത്രവും കഴിഞ്ഞദിവസം വൈറലായിരുന്നു. അദ്ദേഹത്തിന് ഇരുവശത്തും നിൽക്കുന്ന കുട്ടികൾ ആരെന്ന ചോദ്യവും നെറ്റിസൺസ് ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.