ഷാർജ: തൊഴിൽ വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ വഴിയും മറ്റുമുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി ഷാർജ പൊലീസ്. ഈ വർഷം എമിറേറ്റിൽ 260 തൊഴിൽ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതായും സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
വിവിധ കേസുകളിൽ പ്രതികളെ കണ്ടെത്തി പിടികൂടാനും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തൊഴിൽ നൽകുന്നതിന് പകരമായി ‘റിക്രൂട്ട്മെന്റ് ഫീസ്’ വാങ്ങുന്നത് അനുവദനീയമല്ലെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡയറക്ടർ ബ്രി. ഉമർ അഹമ്മദ് അബൂ അൽ സൂദ് പറഞ്ഞു. സമീപകാലത്ത് ഇത്തരത്തിൽ യുവതിക്ക് നഷ്ടപ്പെട്ട മൂന്നു ലക്ഷം ദിർഹം തിരിച്ചുപിടിച്ച് നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. ഈ കേസ് വഴി ഇതേ തട്ടിപ്പുകാരുടെ ഇരകളായ മറ്റു ചിലരെയും കണ്ടെത്താനും അവരുടെ പണം തിരിച്ചുപിടിക്കാനും സാധിച്ചിട്ടുണ്ട്. ഇമാറാത്തി യുവതിയാണ് സംഭവത്തിൽ തട്ടിപ്പിനിരയായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സൈബർ തട്ടിപ്പുകളിൽ 70 ശതമാനം വർധനവുണ്ടായതായി പൊലീസ് പറയുന്നു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്ന മിക്കവരുടെയും പ്രായം 18നും 50നും ഇടയിലാണെന്നും അധികൃതർ വിശദീകരിക്കുന്നു. മിക്ക ഇന്റർനെറ്റ് ഉപയോക്താക്കളും അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ, ചൂഷണം ചെയ്യാൻ തക്ക രീതിയിൽ ഒഴിച്ചിടുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്തിന് പുറത്തുനിന്ന് കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളാണ് പലപ്പോഴും തട്ടിപ്പുകൾ നടത്തുന്നതെന്നത് പ്രതികളെ പിടികൂടാൻ തടസ്സമാകാറുണ്ട്. എന്നാൽ, അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഇത്തരം കുറ്റകൃത്യങ്ങളെ നേരിടുന്ന സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ഷാർജ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് ഇരകളെ ബ്ലാക്ക്മെയിൽ ചെയ്യുന്നവരെ പിടികൂടാനും ഷാർജ പൊലീസിന്റെ ഓൺലൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
ഈ വർഷം ആദ്യം മുതൽ സംശയാസ്പദമായ 20 അക്കൗണ്ടുകളും സൈറ്റുകളും പൊലീസ് പൂട്ടിക്കുകയും ടെലികമ്യൂണിക്കേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ അവയുടെ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് പ്രസ്താവന പൊതുജനങ്ങളോട് അഭ്യർഥിച്ചു. 06-5943446, 06-5943228 എന്നീ നമ്പറുകളിലേക്ക് വിളിച്ചും +971559992158 എന്ന നമ്പറിലേക്ക് വാട്സ്ആപ് സന്ദേശമയച്ചും tech_crimes@shjpolice.gov.ae എന്ന ഇ-മെയിൽ വഴിയും പരാതികൾ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.