ഷാർജ: രാജ്യത്തെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവെച്ച് സംഘടിപ്പിച്ചു വരുന്ന ദൈദ് ഈത്തപ്പഴ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷൻ ജൂലൈ 27 മുതൽ. ദൈദ് എക്സ്പോയിൽ നടക്കുന്ന നാലുദിവസത്തെ പരിപാടിയിൽ നൂറുകണക്കിന് ഈത്തപ്പഴ കർഷകർ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ട്ടു ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളുമായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മികച്ച റതബ് ഈത്തപ്പഴം, ഏറ്റവും വലിയ ഈത്തപ്പഴക്കുല, ഏറ്റവും മനോഹരമായ ഈത്തപ്പഴ ബാസ്കറ്റ്, അത്തിപ്പഴം തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ചില മത്സരങ്ങൾ സ്ത്രീകൾക്ക് മാത്രമായുള്ളതാണ്. ഇതുകൂടാതെ നിരവധി സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, പൈതൃക ചടങ്ങുകളും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.
ഷാർജ എമിറേറ്റിലെ കർഷകർക്ക് മാത്രമായി പ്രത്യേക മത്സരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി ശൈഖ് മൻസൂർ ബിൻ സായിദ് അവാർഡ് ഫോർ അഗ്രികൾചറൽ എക്സ്ലൻസും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഈത്തപ്പഴ കൃഷിയുടെ സാമൂഹിക, സാംസ്കാരിക പൈതൃകമൂല്യം നിലനിർത്തുന്നതിന് യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാട് അടിസ്ഥാനമാക്കിയാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് സന്ദർശകരും പ്രതിനിധികളുമാണ് മേളയിൽ പങ്കെടുക്കാറുള്ളത്. ജൂലൈ 30നാണ് മേള സമാപിക്കുക. ദൈദ് എക്സ്പോയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അമീൻ അൽ അവാദി അടക്കം പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.