ദേര പാലസിലെ അംഗങ്ങളും കുടുംബാംഗങ്ങളും
ദുബൈ: സ്വന്തമെന്ന് കരുതുന്നവരെക്കാൾ കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചവർ. പ്രവാസലോകത്തെ ബെഡ് സ്പേസിൽ ഹൃദയം പങ്കുവെച്ചവർ. കാലം പലരെയും വേർപെടുത്തിയെങ്കിലും ഹൃദയം കൊണ്ട് വേർപ്പെട്ട് പോകാൻ തയാറല്ലാത്ത മലയാളികൾ. സന്തോഷവും ദുഃഖവും പരസ്പരം ഭാഗിച്ച് ദിനരാത്രങ്ങൾ തള്ളിനീക്കിയവർ. പ്രവാസലോകത്ത് മാത്രം കാണുന്ന സാഹോദര്യ ബന്ധം.
ഇത്തരം ഒരു കൂട്ടായ്മയാണ് ദുബൈയിലെ ‘ദേര പാലസ്’. 20 വർഷമായി രണ്ടുതലമുറ കൈമാറിവന്ന ഒരു ബാച്ലർ റൂം. ജോലി അന്വേഷിച്ചു വരുന്നവർക്കും പിന്നീട് ജോലി ലഭിച്ചു കുടുംബമായി മാറിത്താമസിച്ചവർക്കും അന്നും ഇന്നും ഒരു കുടുംബം പോലെ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ കയറിച്ചെല്ലാവുന്ന ഒരിടം. ജീവിതത്തിലെ എല്ലാ ആഘോഷങ്ങളും അവർ ഒന്നിച്ചു ആഘോഷിക്കുന്നു. കൂട്ടത്തിലുള്ളവരുടെ സാമ്പത്തിക ഭദ്രതക്കായി എല്ലാവർഷവും ഓരോ ലക്ഷം വെച്ച് കൊടുക്കുന്ന ഒരു കൂട്ടായ്മ.
ചാരിറ്റിക്കായ് നല്ലൊരു തുക തന്റെ വരുമാനത്തിൽനിന്ന് മാറ്റിവെക്കുന്നവർ. ഇത്തരത്തിൽ വ്യതിരിക്തമാണ് ദേര പാലസ്. ജോലി അന്വേഷിച്ചു വന്നവർക്കാർക്കും ഈ ഫ്ലാറ്റിൽനിന്ന് നിരാശരായി പോകേണ്ടിവന്നിട്ടില്ല. ഓണമായാലും പെരുന്നാളായാലും ക്രിസ്മസ് ആയാലും ജാതിമതഭേദമന്യേ ഇവിടെ ഒരുമിച്ചാണ് ഇവിടത്തെ സഹമുറിയന്മാർ ആഘോഷിച്ചു പോന്നിട്ടുള്ളത്. ഇവിടത്തെ അന്തേവാസികളുടെ ട്രിപ്പുകളും മാനസിക ഉല്ലാസങ്ങൾ നിറക്കുന്നതായിരുന്നു.
സ്ട്രെസ്സിന്റെ ലോകത്തുനിന്ന് ആശ്വാസം തേടിയുള്ള യാത്രകൾ. ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഷണ്മുഖൻ വാടാനപ്പള്ളി എന്ന വ്യക്തിയാണ് ഈ ഫ്ലാറ്റ് ആദ്യമായി ബാച്ലേഴ്സിന് തുറന്നുകൊടുക്കുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീകുമാർ ആ ഫ്ലാറ്റ് ഏറ്റെടുക്കുകയും യാതൊരു ലാഭവും കൂടാതെ വാടക തുല്യമായി വീതിച്ചു താമസിപ്പിക്കുകയും ചെയ്തുപോരുന്നു . ഈ കൂട്ടായ്മയിലെ ഓരോ അംഗങ്ങളുടെ കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ ജോലി അന്വേഷിച്ചുവരുമ്പോൾ താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ്.
ആദ്യകാലത്തുണ്ടായിരുന്ന നായർ അങ്കിൾ, കുഞ്ഞച്ചായൻ (ജോർജ്), വല്യച്ചായൻ (വിൻസെന്റ്), സോമേട്ടൻ, നിഷാദ്, സുനിൽ, ബിനോയ് എന്നിവർ ഇന്നു നാട്ടിൽ വിശ്രമജീവിതത്തിലാണെങ്കിലും ഇപ്പോഴും അവധിക്കാലങ്ങളിൽ നേരിട്ടു കാണാൻ സമയം കണ്ടെത്താറുണ്ട് ഈ കൂട്ടായ്മയിലുള്ളവർ. തുടക്കം മുതൽ ഇപ്പോഴും അവിടത്തെ ഓരോ പ്രവർത്തങ്ങളിലും ചുക്കാൻ പിടിച്ചുനിൽക്കുന്നത് ജയരാജ്, ഷൈലേഷ്, മനോജ്, ജിനോയ് എന്നിവരാണ്. കൂടാതെ 10 വർഷത്തിലേറെയായി കൂടെയുള്ള ഗിരീഷ് , സനിൽ, ലിനേഷ്, ദേവദാസ്, ഷൈജു എന്നിവരും മറ്റെല്ലാ അംഗങ്ങളും അവരുടെ കുടുംബങ്ങളും ദെയ്റ പാലസിന്റെ എല്ലാ കാര്യങ്ങൾക്കും തോളോട് തോൾ ചേർന്ന് നിൽക്കുന്നവരാണ്.
ഓണം, വിഷു, പെരുന്നാള്‍, ക്രിസ്മസ് എന്നിങ്ങനെ ആഘോഷങ്ങളിലെല്ലാം ഫ്ലാറ്റില്‍ ഒന്നിച്ചുകൂടും. കുടുംബങ്ങള്‍ കൂടെയുള്ളവരും ഇവിടെ നിറസാന്നിധ്യമാവും. ജന്മദിനംപോലെ ഓരോരുത്തരുടെയും സന്തോഷങ്ങള്‍ ഒന്നിച്ചായിരിക്കും ആഘോഷിക്കുക. ശൈലേഷ് (പയ്യന്നൂര്‍), ദേവദാസ് (പാലക്കാട്), മനോജ് (ഗുരുവായൂര്‍), വിജയന് (മലപ്പുറം), ഷൈജു (എറണാകുളം), ബിനോയ് (തിരുവല്ല), ശ്രീകുമാര്‍ (തൃശൂര്‍) തുടങ്ങിയവരെല്ലാം ദേരാ പാലസില്‍ വര്‍ഷങ്ങളായി ഒന്നിച്ചുകഴിഞ്ഞവരാണ്. തൃശൂര്‍ സ്വദേശി ജയരാജ് 20 വര്‍ഷത്തിലേറെയായി ഒരിടത്തുതന്നെയാണ് താമസിക്കുന്നത്. ചാവക്കാട് സ്വദേശി ഗിരീഷും 15 വര്‍ഷമായി ദേരാ പാലസിലെ താമസക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.