അബൂദബി: രാജ്യത്തെ വിവാഹ നിരക്കിനു പിന്നാലെ കഴിഞ്ഞ വർഷത്തെ വിവാഹ മോചന നിരക്കും യു.എ.ഇ ഫെഡറൽ സെൻറർ ഫോർ കോംപറ്റിവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തു. 2018ൽ രാജ്യത്തുടനീളം 4,506 വിവാഹമോചനങ്ങളാണ് നടന്നത്. കഴിഞ്ഞ വർഷം ഇത് 4,554 വിവാഹ മോചനങ്ങളായി വർധിച്ചു. 2018ലേതിനേക്കാൾ 1.07 ശതമാനം വർധനവുണ്ടായി.
വിവാഹം കഴിഞ്ഞ് ആദ്യ മൂന്ന് വർഷത്തിനുള്ളിൽ 47.6 ശതമാനം വിവാഹമോചന കേസുകളാണ് കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്നത്. ഇമറാത്തികൾക്കിടയിലെ വിവാഹ മോചനം അധികവും ശരാശരി 39.8 വയസ്സിലും വിദേശികൾക്കിടയിൽ ശരാശരി 33.2 വയസ്സിലുമായിരുന്നു.വിവാഹമോചന കേസുകൾ ഏറ്റവുമധികം ഉയർന്ന ശതമാനം (9.8) ഒക്ടോബർ മാസത്തിലും കുറവ് (6.2) ആഗസ്റ്റിലുമായിരുന്നു.
വിവാഹിതരായി ഒരു വർഷത്തിനുള്ളിലാണ് 27.8 ശതമാനം വിവാഹമോചന കേസുകളും. ഒരു വർഷത്തിനുശേഷം 12.3, രണ്ട് വർഷത്തിന് ശേഷം 7.5, മൂന്ന് മുതൽ നാല് വർഷം വരെ 10.5, അഞ്ച് മുതൽ ഒമ്പത് വർഷത്തിനു ശേഷം 14.1, 10 മുതൽ 14 വർഷത്തിനുശേഷം 10.2, 15 മുതൽ 19 വർഷത്തിനുശേഷം 7.1, 20 വർഷമോ അതിൽ കൂടുതലോ വർഷം കഴിഞ്ഞ് 10.4 എന്നിങ്ങനെയാണ് രാജ്യത്തെ വിവാഹ മോചന ശതമാന നിരക്ക്.
ഇമറാത്തി ദമ്പതികൾക്കിടയിൽ 1,799 വിവാഹ മോചന കേസുകളും ഇമറാത്തി പൗരനും വിദേശിയായ ഭാര്യയും തമ്മിലുള്ള വിവാഹ മോചന കേസുകൾ 728 ഉം, ഇമറാത്തി പൗരയായ വനിതയും വിദേശി ഭർത്താവും തമ്മിൽ 182 വിവാഹ മോചന കേസുകളും വിദേശി ഭാര്യാഭർത്താക്കന്മാർക്കിടയിൽ 1845 വിവാഹ മോചന കേസുകളും ഉൾപ്പെടെ കഴിഞ്ഞ വർഷം 2018ലേതിനേക്കാൾ 1.07 ശതമാനമാണ് വർധനവുണ്ടായത്.വിവാഹമോചന കേസുകളിൽ 45.8 ശതമാനം രേഖപ്പെടുത്തിയ അബൂദബി എമിറേറ്റാണ് ഏറ്റവും മുന്നിൽ.
മൊത്തം 2,086 വിവാഹ മോചന കേസുകളായിരുന്നു അബൂദബിയിൽ. രണ്ടും മൂന്നും സ്ഥാനത്ത് ദുബൈ, റാസൽ ഖൈമ എമിറേറ്റുകളാണ്. ദുബൈ എമിറേറ്റിൽ 1308 വിവാഹമോചനങ്ങളാണ് (28.7 ശതമാനം) നടന്നത്. റാസൽഖൈമ എമിറേറ്റിൽ 406 വിവാഹമോചനങ്ങളും (8.92ശതമാനം) നടന്നു.
395 വിവാഹ മോചന കേസുകളുമായി (8.67ശതമാനം) ഷാർജയാണ് നാലാം സ്ഥാനത്ത്. 187 വിവാഹമോചന കേസ് (4.1ശതമാനം) രേഖപ്പെടുത്തിയ അജ്മാനാണ് അഞ്ചാമത്. ഫുജൈറയിൽ 105 വിവാഹമോചന കേസുകളും (2.31ശതമാനം) ഉം അൽ ഖുവൈനിൽ 67 വിവാഹമോചന കേസുകളും (1.47ശതമാനം) ആണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.