ദുബൈ: രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷന് (കെ.എഫ്) ദുബൈ ഇസ്ലാമിക് ബാങ്ക് 25 ലക്ഷം ദിർഹം സംഭാവന നൽകി. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി ഫൗണ്ടേഷൻ അടുത്തിടെ ആരംഭിച്ച ‘ദാനം ആശ്വാസവും ആനന്ദവുമാണ്’ എന്ന സംരംഭത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ധനസഹായം പ്രഖ്യാപിച്ചത്. ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഹെൽത്ത് സർവിസസ് എന്നിവർക്കിടയിലുള്ള കരാർ ഒപ്പിടൽ ചടങ്ങിലാണ് ആരോഗ്യ രംഗത്തെ സാമ്പത്തിക സഹായം ഇസ്ലാമിക് ബാങ്ക് പ്രഖ്യാപിച്ചത്.
എമിറേറ്റിലെ 15 മെഡിക്കൽ സെന്ററുകളിൽ വിതരണം ചെയ്യാനായി 77 ഫിസിയോതെറപ്പി ഉപകരണങ്ങൾ വാങ്ങുന്നതിന് ഈ പണം ഉപയോഗിക്കുമെന്ന് ഖലീഫ് ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ അറിയിച്ചു. സാമ്പത്തികമായി ദുർബലരായ രോഗികൾക്ക് മെഡിക്കൽ സഹായം ഉറപ്പുവരുത്തുന്നതിനാണ് കെ.എഫ് ‘ദാനം ആശ്വാസവും ആനന്ദവുമാണ്’ എന്ന സംരംഭത്തിന് തുടക്കമിട്ടത്.
ഡിജിറ്റൽ സംഭാവനകൾക്കായി പ്രത്യേക പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുന്ന ഈ പദ്ധതി ആരോഗ്യസുരക്ഷ സേവനങ്ങളും മരുന്നുകളും വിതരണം ചെയ്തുകൊണ്ട് പാവപ്പെട്ട രോഗികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറക്കാൻ ലക്ഷ്യമിടുന്നതാണ്. 2019 മുതൽ 2021 വരെ കെ.എഫിന്റെ ആരോഗ്യരക്ഷ സംരംഭം 7,863 കേസുകൾക്കാണ് സഹായം നൽകിയത്. ഇതിൽ 1,959 രോഗികൾക്കുള്ള ചികിത്സസഹായവും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.