ദുബൈ: യു.എ.ഇയിൽ ആളില്ലാ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികൾക്ക് അംഗീകാരം നൽകുന്നതിനായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അവതരിപ്പിച്ച മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ. സി.എ.ആർ എയർസ്പേസ് പാർട്ട് യുസ്പേസ് എന്ന പേരിലാണ് ദേശീയ തലത്തിൽ പുതിയ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്.
ആളില്ലാ ഡ്രോൺ സേവന ദാതാക്കൾക്ക് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത് മേഖലയിൽ ആദ്യമാണ്. ഡ്രോൺ പ്രവർത്തിപ്പിക്കുന്ന രാജ്യത്തെ മുഴുവൻ കമ്പനികളും മാർഗ നിർദേശങ്ങളും നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. പരിശീലനം, കരാറുകൾ, ഗുണനിലവാരം, സുരക്ഷ, ഓഡിറ്റിങ് തുടങ്ങി ഡ്രോൺ സേവന ദാതാക്കൾക്കുള്ള എല്ലാ മാനദണ്ഡങ്ങളും നിർദേശങ്ങളും പുതിയ മാർഗനിർദേശത്തിൽ നിർവചിക്കുന്നുണ്ട്. രാജ്യത്തെ ഡ്രോൺ പ്രവർത്തനങ്ങളും വ്യോമയാന ഗതാഗതവും തമ്മിൽ സുഗമമായ സംയോജനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗനിർദേശങ്ങൾ വ്യോമയാന അതോറിറ്റി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, വ്യക്തികളുടെ ഡ്രോൺ ഉപയോഗത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അടുത്തിടെ അതോറിറ്റി ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ദുബൈ എമിറേറ്റിൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. വിനോദ ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗിക്കുന്നവർ യു.എ.ഇ ഡ്രോൺസ് ആപ്പിലൂടെ രജിസ്റ്റർ ചെയ്യുകയും ജി.സി.എ.എ അംഗീകൃത ഏജൻസികളിൽ നിന്ന് പരിശീലന സർട്ടിഫിക്കറ്റ് നേടുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.