ദുബൈ: കോവിഡിനുശേഷം അതിവേഗം വളരുന്ന ദുബൈ വിമാനത്താവളത്തിലെ വാർഷിക യാത്രികരുടെ എണ്ണം 2027ഓടെ 10 കോടിയാകുമെന്ന് പ്രതീക്ഷ. ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് ആണ് ഇക്കാര്യം പങ്കുവെച്ചത്. 2026ഓടെ വ്യോമയാന വ്യവസായ മേഖലയിൽ വിമാനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കപ്പെടുന്നതോടെ ഈ നേട്ടം കൈവരിക്കാൻ വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്.
ഈ വർഷം ആദ്യ ആറുമാസത്തിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് 4.4 കോടി യാത്രക്കാരാണെന്നും അധികൃതർ വെളിപ്പെടുത്തി.
മുൻ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ കൈവരിക്കാനായിട്ടുള്ളത്. പ്രതിഭകൾ, സംരംഭങ്ങൾ, നിക്ഷേപകർ എന്നിവരുടെ ആഗോള കേന്ദ്രമെന്ന നിലയിൽ വളർന്നുവരുന്ന ദുബൈ, 2024 ആദ്യപകുതിയിൽ 93.1 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെ ആകർഷിച്ചിരുന്നു. ദുബൈയിലെ സാമ്പത്തിക വിനോദസഞ്ചാര വകുപ്പാണ് ഇതുസംബന്ധിച്ച കണക്ക് അടുത്തിടെ പുറത്തുവിട്ടത്.
ഈ വർഷം ആദ്യ പകുതിയിലെ റെക്കോഡ് പ്രകടനം ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണെന്ന് പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന കാര്യത്തിൽ ദുബൈ ആഗോള നഗരങ്ങളിൽ മുൻപന്തിയിലാണ്.
മുന്നേറ്റത്തിന് സഹായിക്കുകയും ഓരോ അതിഥിക്കും എയർപോർട്ട് മികച്ച അനുഭവം നൽകുകയും ചെയ്തുകൊണ്ട് നഗരത്തിലേക്കുള്ള കവാടമാകാൻ സാധിച്ചതിൽ അഭിമാനമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ പോലുള്ള പ്രധാന യാത്രാ ഉറവിടങ്ങളിൽനിന്നുള്ള ആവശ്യം വർധിച്ചത് വിജയത്തിൽ നിർണായകമായതായും അദ്ദേഹം വെളിപ്പെടുത്തി. ഈ വർഷത്തിന്റെ അവശേഷിക്കുന്ന മാസങ്ങളിൽ വളരെ ശുഭാപ്തി വിശ്വാസമുണ്ടെന്നും 9.18കോടി വാർഷിക യാത്രക്കാരുമായി റെക്കോഡ് തകർക്കാനുള്ള പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ന്റെ ആദ്യ പകുതിയിലും ഇന്ത്യയിൽ നിന്നാണ് ദുബൈയിലേക്ക് കൂടുതൽ യാത്രക്കാരെത്തിയത്. 61 ലക്ഷം യാത്രക്കാരുമായി ഇന്ത്യ മുന്നിൽ നിൽക്കുമ്പോൾ, ചൈനയിൽനിന്നുള്ളവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതും പ്രധാന നേട്ടമാണ്.
37 ലക്ഷം(സൗദി അറേബ്യ), 29 ലക്ഷം (യു.കെ), 23 ലക്ഷം (പാകിസ്താൻ) എന്നിവയാണ് കൂടുതൽ യാത്രക്കാരെത്തിയ മറ്റു രാജ്യങ്ങൾ. ലോകത്തെ 106 രാജ്യങ്ങളിലെ 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.