ദുബൈ: മഴക്കെടുതി ബാധിച്ച ചില ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. ഇമാറാത്തി പൗരന്മാർക്കുവേണ്ടി മുഹമ്മദ് റാശിദ് ചെറുകിട-ഇടത്തരം വ്യവസായ വികസന സ്ഥാപനമാണ് ഇളവ് പ്രഖ്യാപിച്ചത്. ദുബൈ ഇക്കോണമി ആൻഡ് ടൂറിസം വകുപ്പിന് കീഴിലുള്ള സംവിധാനമാണ് മുഹമ്മദ് റാശിദ് ചെറുകിട-ഇടത്തരം വ്യവസായ വികസന സ്ഥാപനം. സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്ക് നിലവിലുള്ള ലോണുകളുടെ അടവ് നീട്ടിനൽകുകയും ഗ്രേസ് പിരീഡ് നൽകുകയും ചെയ്യും. ദശാബ്ദത്തിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ പ്രതികൂല കാലാവസ്ഥയിലുണ്ടായ നഷ്ടം നികത്താൻ ബിസിനസുകളെ സഹായിക്കുന്നതിനാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.
ദുബൈയിലെ യോഗ്യരായ കമ്പനികൾക്ക് 6 മുതൽ 12 മാസം വരെ ഗ്രേസ് പിരീഡോടെ പരമാവധി മൂന്നു ലക്ഷം ദിർഹംവരെ പലിശരഹിത വായ്പ നൽകും. നേരത്തേ മഴക്കെടുതി ബാധിച്ച ഉപഭോക്താക്കളുടെ വ്യക്തിഗത, കാർ വായ്പകൾ തിരിച്ചടക്കുന്നത് ആറുമാസത്തേക്ക് നീട്ടിവെക്കാൻ അനുവദിക്കണമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നിർദേശം നൽകിയിരുന്നു.
അധിക ഫീസോ പലിശയോ ലാഭമോ ചുമത്താതെയും വായ്പയുടെ അടിസ്ഥാന തുക വർധിപ്പിക്കാതെയും നിർദേശം നടപ്പിലാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.