ദുബൈ: യുവതലമുറയെ സുപ്രധാനമായ മേഖലകൾ നയിക്കുന്നതിന് പ്രാപ്തരാക്കാൻ ലക്ഷ്യമിടുന്ന ‘ദുബൈ ഇക്കണോമിക് ലീഡേഴ്സ് പ്രോഗ്രാം’ പ്രഖ്യാപിച്ചു. യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമാണ് ഒരു വർഷം നീളുന്ന ദുബൈ സാമ്പത്തിക നേതൃപരിശീലന പ്രോഗ്രാം പ്രഖ്യാപിച്ചത്. യുവാക്കൾക്ക് സാമ്പത്തികരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചുള്ള അറിവുകൾ പകർന്നുനൽകി അവരെ അതത് മേഖലകളിൽ വിദഗ്ധരാക്കി മാറ്റുകയാണ് ലക്ഷ്യം.
സാമ്പത്തികരംഗത്ത് പ്രവർത്തിക്കുന്ന ലോകത്തെ പ്രമുഖ കമ്പനികളുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ലീഡർഷിപ് ഡെവലപ്മെന്റ് (എം.ബി.ആർ.സി.എൽ.ഡി) ആണ് പരിപാടികൾ സംഘടിപ്പിക്കുക. മികച്ച വിദ്യാഭ്യാസത്തിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും യുവതലമുറക്ക് അനിവാര്യമായ ഭാവി നേതൃഗുണങ്ങൾ സ്വായത്തമാക്കാനും അവരെ നേതൃപദവികളിലേക്ക് ഒരുക്കാനും ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പാക്കുക.
ദുബൈയുടെ സമ്പദ്വ്യവസ്ഥയും ഭാവിയും ഉയർത്താനും സാമ്പത്തിക അജണ്ടയായ ഡി 33 നിറവേറ്റാനും സുസ്ഥിര വളർച്ച ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഇമാറാത്തി പ്രതിഭകളെ കണ്ടെത്തുകയാണ് ദുബൈ ഇക്കണോമിക് ലീഡേഴ്സ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ഒരു വർഷം നീളുന്ന പ്രോഗ്രാമുകളുടെ പുരോഗതിക്ക് വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.