ദുബൈ: ലോകോത്തര വാണിജ്യ-വിനോദ മേളയായ എക്സ്പോ 2020 ന് ദുബൈയിൽ വർണാഭ തുടക്കം. നിറപ്പകിട്ടാർന്ന കലാപരിപാടികളുടെയും വെടിെക്കട്ടിെൻറയും അകമ്പടിയോടെയാണ് പ്രത്യേകം സജ്ജമാക്കിയ എക്സ്പോ നഗരിയിലെ അൽ വസ്ൽ പ്ലാസയിൽ മേളക്ക് തിരിതെളിഞ്ഞത്. വ്യാഴാഴ്ച പ്രദേശിക സമയം രാത്രി 7.30നാണ് ചടങ്ങ് ആരംഭിച്ചത്.
യു.എ.ഇ ഉന്നത ഭരണ നേതൃത്വങ്ങളും വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അതിഥികളും മാത്രമാണ് പരിപാടിയിൽ നേരിട്ടു പങ്കെടുത്തത്.
യു.എ.ഇയിൽ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച സ്ക്രീനുകളിലും ടെലിവിഷൻ ചാനലുകളിലും ഓൺലൈൻ സംവിധാനങ്ങൾ വഴിയും തൽസമയം ഉദ്ഘാടനച്ചടങ്ങ് പ്രക്ഷേപണം ചെയ്തു. ലോകപ്രശസ്ത ഇറ്റാലിയൻ ഒാെപറ ഗായകൻ ആന്ദ്രേ ബൊസെല്ലി, ഗോൾഡൻ ഗ്ലോബ് നേടിയ ഗായിക ആന്ദ്രെ ഡേ തുടങ്ങിയ വിഖ്യാത കലാകാരന്മാരുടെ പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി.
അറേബ്യൻ സംസ്കാരിത്തനിമ നിറഞ്ഞ ആവിഷ്കാരങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. അറബ്-ദക്ഷിണേഷ്യൻ, വടക്കനാഫ്രിക്കൻ മേഖലയിൽ ആദ്യമായാണ് എക്സ്പോ നടക്കുന്നത്. കോവിഡ് ആരംഭിച്ച ശേഷം ജനപങ്കാളിത്തത്തോടെ നടക്കുന്ന ഏറ്റവും വലിയ ലോക മേളയാണിത്. 'മനസ്സുകൾ കോർത്തിണക്കാം, ഭാവി ഒരുക്കാം' എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഇന്ത്യ അടക്കം 191 രാജ്യങ്ങളുടെ പവലിയനുകൾ സജ്ജമായിക്കഴിഞ്ഞു. ഇന്ത്യൻ പവലിയൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
അടുത്ത വർഷം മാർച്ച് 31വരെ നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് രണ്ടരക്കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 95 ദിർഹമാണ് (1900രൂപ) ഒരു ദിവസത്തെ പ്രവേശന ടിക്കറ്റിന് നിരക്ക്. വിദ്യാർഥികൾക്കും 60 കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമാണ്.
അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന എക്സ്പോ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു തീരുമാനിച്ചിരുന്നത്. മഹാമാരിയെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിയെങ്കിലും 'എക്സ്പോ 2020' എന്ന പേര് നിലനിർത്തി. കല, സാംസ്കാരികം, കായികം, ശാസ്ത്രം, വാണിജ്യം, നയതന്ത്രം, ഭക്ഷണം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളെയും സ്പർശിക്കുന്ന പ്രദർശനങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. 438 ഹെക്ടർ വിസ്തീർണമുള്ള പ്രദേശത്താണ് വിശ്വമേളക്ക് നഗരിയൊരുക്കിയത്. എക്സ്പോക്ക് ശേഷം ദുബൈയിലെ പ്രധാന ടൗൺഷിപ്പായി ഇത് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.