ദുബൈ മെട്രോ സ്​റ്റേഷനിൽ നടക്കുന്ന മ്യൂസിക്​ ഫെസ്റ്റ്

മെട്രോയിൽ ഇന്ന്​ കലാശക്കൊട്ട്​

ദുബൈ: ദുബൈയിലെ അഞ്ച്​ മെട്രോ സ്​റ്റേഷനുകളിൽ നടക്കുന്ന മെട്രോ മ്യൂസിക്​ ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. അഞ്ച്​ ദിവസം യാത്രക്കാരെ സന്തോഷിപ്പിച്ചും നൃത്തം ചെയ്യിപ്പിച്ചും ആനന്ദിപ്പിച്ചുമായിരുന്നു സംഗീതോത്സവം അരങ്ങേറിയത്​.

യൂനിയൻ, മാൾ ഓഫ്​ എമിറേറ്റ്​സ്​, ബുർജ്​മാൻ, ദുബൈ ഫിനാൻഷ്യൽ സെന്‍റർ, ശോഭ റിയാലിറ്റി എന്നീ സ്​റ്റേഷനുകളിലായിരുന്നു മേളപ്പെരുക്കം​. പ്രകൃതിസംരക്ഷണത്തിന്‍റെ സന്ദേശം പകർന്ന്​ നൽകിയാണ്​ സംഗീത മേള കടന്നുപോകുന്നത്​.

യു.എ.ഇ സുസ്ഥിരത വർഷം ആചരിക്കുന്നതിനാൽ ‘സുസ്ഥിരത’ എന്ന പ്രമേയത്തിലാണ്​ ഈ വർഷത്തെ സംഗീതോത്സവം നടന്നത്​. പുനരുപയോഗിക്കാവുന്ന വസ്തുക്കളാൽ നിർമിച്ച വാദ്യോപകരണങ്ങളമായാണ്​ സംഗീതജ്ഞർ എത്തിയിരിക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​.

ഇന്ത്യ, ഈജിപ്ത്​, ഫ്രാൻസ്​, തായ്​ലൻഡ്​, അസർബൈജാൻ, പാകിസ്താൻ, നൈജീരിയ, ക്യൂബ, യു.കെ, ലബനൻ, കാനഡ, നെതർലാൻഡ്​, ജോർഡൻ, ആസ്​ട്രേലിയ എന്നീ രാജ്യങ്ങളിലെ 20 കലാകാരൻമാരാണ്​ അണിനിരക്കുന്നത്​. ഫ്രഞ്ച്​ സംഗീതജ്ഞൻ നിക്കോ​ളാസ്​ ബ്രാസാണ്​ ഇവരിൽ പ്രമുഖൻ.

പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്ന്​ സംഗീത ഉപകരണങ്ങളുണ്ടാക്കുന്നതിൽ വിദഗ്ദനാണ്​ ബ്രാസ്​. പൈപ്പ്​, മരം, ടിൻ കാനുകൾ, ആക്രി വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച്​ നിർമിച്ച ഉപകരണങ്ങളുമായാണ്​ ഇദ്ദേഹം മെട്രോയിലെത്തിയിരിക്കുന്നത്​. സ്വന്തം കൈകൊണ്ട്​ നിർമിച്ച ഉപകരണങ്ങളാണിതെല്ലാം.

ആസ്വാദകരെ മറ്റൊരു ലോകത്തേക്ക്​ കൂട്ടി​ക്കൊണ്ടുപോകുന്നതാണ്​ ബ്രാസിന്‍റെ സംഗീത ശൈലി. ഇമാറാത്തി ഇലക്​ട്രിക്കൽ ഗിറ്റാറിസ്റ്റ്​ ഇമാൻ അൽ റഈസി, സൗദി സംഗീതജ്ഞൻ ഷാദി എൽ ഹർബി തുടങ്ങിയവരുമുണ്ട്​.

തായ്​ലൻഡിൽ നിന്നെത്തിയ ‘ദ ഷോ തീയറ്റർ’ സംഘമാണ്​ മറ്റൊരു പരിസ്ഥിതി സൗഹൃദ സംഘം. അടുക്കള ഉപകരണങ്ങൾ, മൺപാത്രങ്ങൾ, സ്​പൂൺ, ഗ്ലാസ്​, പാനുകൾ തുടങ്ങിയവയെല്ലാമാണ്​ ഇവരുടെ സംഗീതോപകരണങ്ങളായി മാറിയിരിക്കുന്നത്​.

വൈകുന്നേരം നാല്​ മുതൽ രാത്രി 10 വരെ ഇവരുടെ പ്രകടനങ്ങൾ ഇന്ന്​ കൂടി മെട്രോ സ്​റ്റേഷനുകളിൽ വീക്ഷിക്കാം. ദുബൈ ഗവൺമെന്‍റ്​ മീഡിയ ഓഫിസിന്‍റെ ക്രിയേറ്റീവ്​ ടീമായ ബ്രാൻഡ്​ ദുബൈയും ആർ.ടി.എയും സഹകരിച്ചാണ്​ പരിപാടി സംഘടിപ്പിക്കുന്നത്​.

Tags:    
News Summary - Dubai Metro Music Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 07:13 GMT