ദുബൈ: മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം അമേരിക്കയുടെ നിരത്തുകളിലേക്ക് തിരിച്ചെത്തിയ ആഡംബര കാറായ ജീപ്പ് ഗ്രാൻഡ് വാഗണീറിനെ സ്വന്തമാക്കി ദുബൈ പൊലീസ്. സേനയുടെ ആഡംബര പെട്രോൾ കാറുകളുടെ നീണ്ട നിരയിലേക്കാണ് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നത്. യു.എ.ഇയിലെ പ്രമുഖ കാർ ഏജൻസിയായ അൽ ഫുത്തേം ആണ് ജീപ്പ് ഗ്രാൻഡ് വാഗണീർ ദുബൈ പൊലീസിന് കൈമാറിയത്.
3.0 ലിറ്റർ ശേഷിയുള്ള പ്രശസ്തമായ ഹരിക്കേൻ 16 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ജീപ്പിന്റെ എസ്.യു.വി വാഹനശ്രേണിയിൽ ഏറ്റവും കരുത്തനായ മോഡലാണ് ഗ്രാൻഡ് വാഗണീർ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രവർത്തന കാര്യക്ഷമതയും പൊതുരംഗത്തുള്ള സാന്നിധ്യവും വർധിപ്പിക്കുന്നതിനായി ഏറ്റവും കരുത്തുറ്റ വാഹനങ്ങളെ സേനയോടൊപ്പം ചേർക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വാഹനം സ്വന്തമാക്കിയത്.
വാഹനം കൈമാറുന്ന ചടങ്ങിൽ പ്രവർത്തനകാര്യ വകുപ്പ് അസി. കമാൻഡന്റ് മേജർ ജനറൽ അബ്ദുള്ള അലി അൽ ഖെയ്തി, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റസ്ക്യു ഡയറക്ടർ മേജർ ജനറൽ സഈദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓർഗനൈസേഷൻസ് പ്രോആക്ടിവ് സെക്യൂരിറ്റി ആൻഡ് എമർജന്‍സി ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഉബൈദ് മുബാറക് ബിൻ യൂസുഫ് മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.