ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി
ദുബൈ: മിനിസ്റ്റർ ഓഫ് ഇന്റീരിയർ അവാർഡുകളിൽ ശ്രദ്ധേയ നേട്ടവുമായി ദുബൈ പൊലീസ്. വിവിധ വിഭാഗങ്ങളിലായി ദുബൈ പൊലീസിന് 34 പുരസ്കാരങ്ങളാണ് ലഭിച്ചത്. ഈ നേട്ടം കൈവരിക്കാൻ പിന്തുണച്ച യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാനെ അഭിനന്ദിക്കുന്നതായി ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായത് പൊലീസ് സേനയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അതിനാൽ മുഴുവൻ ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അൽ മർറി പറഞ്ഞു.
ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) അൽ ബഷറിൽ പ്രവർത്തിക്കുന്ന ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്ററിന് (ഐ.ടി.എസ്) ബിഗ് സീ ആർകിടെക്ചർ അവാർഡ്. വാസ്തുവിദ്യയിലും ഇന്റീരിയർ ഡിസൈനിലും മികച്ചു നിൽക്കുന്ന കെട്ടിടങ്ങളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പാരിസ്ഥിതികവും സുസ്ഥിരവുമായ ആശങ്കകളെ അഭിസംബോധന ചെയ്യുന്നതോടൊപ്പം സാംസ്കാരികമായ ഘടകങ്ങളെക്കൂടി രൂപകൽപനയിൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കെട്ടിടങ്ങളായിരിക്കണം. വിദ്യാഭ്യാസം, കായികം, വിനോദം, പാർപ്പിട കെട്ടിടങ്ങൾ എന്നിവക്കുപുറമേ, അടിസ്ഥാന സൗകര്യ പദ്ധതികൾ, ഗതാഗത സ്റ്റേഷനുകൾ, പൊതു കെട്ടിടങ്ങൾ എന്നിവയെയും വിവിധ വിഭാഗങ്ങളിലായി അവാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 7000 ചതുരശ്ര വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഐ.ടി.എസിനെ ലോകത്തെ ഏറ്റവും വലിയ കൺട്രോൾ സെന്ററുകളിൽ ഒന്നായാണ് കണക്കാക്കുന്നത്. റോഡ് ശൃംഖലകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ദ്രുതഗതിയിൽ പ്രതികരിക്കാനും കഴിയുംവിധമുള്ള ഇന്റലിജൻസ് ട്രാഫിക് സംവിധാനമാണ് ഐ.ടി.എസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.