ദുബൈ: യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരത്തിൽ റെക്കോഡ് വർധന. 2023ലെ ആദ്യ പകുതിയിൽ 1.239 ലക്ഷം കോടി ദിർഹമിന്റെ വ്യാപാരമാണ് നടന്നത്. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.4 ശതമാനമാണ് വളർച്ച. ബുധനാഴ്ച യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. യു.എ.ഇയുടെ എണ്ണയിതര കയറ്റുമതി 2023ലെ ആദ്യപാദത്തിൽ 205 ശതകോടി ദിർഹത്തിലെത്തി. 2022ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 11.9 ശതമാനം വളർച്ചയും 2022ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് 5.4 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. 341 ശതകോടി ദിർഹമിന്റെ പുനർ കയറ്റുമതിയാണ് ആദ്യ പകുതിയിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9.9 ശതമാനമാണ് വളർച്ച.
693 ശതകോടി ദിർഹമിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ ആറു മാസത്തിനിടെ നടന്നത്. 17.5 ശതമാനമാണ് വർധനയും ഈ രംഗത്ത് രേഖപ്പെടുത്തി. ആഗോള വ്യാപാര പങ്കാളികളായ 10 രാജ്യങ്ങളുമായി ആദ്യ പകുതിയിൽ നടന്ന എണ്ണയിതര വ്യാപാരത്തിൽ 22 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തുർക്കിയയുമായി നടന്ന വ്യാപാരത്തിൽ 87 ശതമാനം വർധനവും രേഖപ്പെടുത്തിയതായി സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യ, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കി യു.എ.ഇയുടെ മുൻനിര ആഗോള വ്യാപാര പങ്കാളിയായി ചൈന തുടരുകയാണ്. മാർച്ചിൽ യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച തുർക്കിയ അഞ്ചാം സ്ഥാനത്തെത്തി. ഇറാഖ്, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ഹോങ്കോങ്, റഷ്യ എന്നിവ ആദ്യ 10 സ്ഥാനങ്ങളിൽ തുടരുന്നു. എണ്ണയിതര വിദേശ വ്യാപാരരംഗത്ത് യു.എ.ഇക്ക് ശ്രദ്ധേയമായ സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ സന്തുലിത വ്യാപാര നയത്തിലെ വിജയത്തെ പ്രതിനിധാനംചെയ്യുന്നതാണ് ഈ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.