ദുബൈ: കോവിഡിന് മുന്നിൽ ലോകവാതിലുകൾ കൊട്ടിയടക്കപ്പെട്ട സാഹചര്യത്തിൽ ആർജവത്തോടെ അതിജീവനത്തിെൻറ പാതയിൽ ദുബൈ നടത്തുന്ന ശ്രദ്ധേയമായ ചുവടുവെപ്പിന് വെള്ളിയാഴ്ച നഗരം സാക്ഷ്യം വഹിക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിക്കുന്ന ദുബൈ റൺ ഇന്ന് നടക്കും. ആരോഗ്യമുള്ള സമൂഹത്തിന് കൃത്യതയാർന്ന വ്യായാമമുറകളിലൂടെ ദുബൈ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ചെറു ഗ്രൂപ്പുകളായി കായികതാരങ്ങൾ ഓടും. പതിവ് ദുബൈ റൺ പോലെ, ഒരുമിച്ചുള്ള കൂട്ടയോട്ടം ഇത്തവണയുണ്ടാവില്ലെങ്കിലും ആവേശത്തിന് കുറവില്ലാതെയാണ് താരങ്ങളും കായികപ്രേമികളും ഇത്തവണയും ദുബൈ റണ്ണിനായി കാത്തിരിക്കുന്നത്. പല കുടുംബങ്ങളും ഒന്നിച്ച് പരിശീലനം നടത്തി, ഒരുമിച്ചോടി ദുബൈ റണ്ണിെൻറ ഭാഗമാകാനുള്ള ശ്രമത്തിലാണ്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായാണ് സ്വദേശികളും വിദേശികളും താമസക്കാരും സന്ദർശകരും അണിനിരക്കുന്ന ദുബൈ റൺ നടക്കുന്നത്. കുട്ടികൾ, പ്രായമായവർ, നിശ്ചയദാർഢ്യമുള്ളവർ തുടങ്ങി എല്ലാ വിഭാഗക്കാർക്കും അണിനിരക്കാം. താമസക്കാർക്കുപുറമെ സന്ദർശകർക്കും ഭാഗമാകാം. പങ്കെടുക്കുന്നവർക്ക് ജബൽഅലി മുതൽ ജുമൈറ വരെയും ഡൗൺടൗൺ മുതൽ ദുബൈ ക്രീക്ക് വരെയും ഇഷ്ടമുള്ള ട്രാക്ക് തിരഞ്ഞെടുത്ത് ഓടുകയോ നടക്കുകയോ ജോഗിങ്ങിലേർപ്പെടുകയോ ചെയ്യാം.
മലയാളി പ്രവാസി സംഘടനകളുൾപ്പെടെ നിരവധി കൂട്ടായ്മകൾ ദുബൈ റണ്ണിന് ഒരുക്കം പൂർത്തീകരിക്കുന്ന തിരക്കിലാണ്. സൈക്കിൾ റൈഡർമാർക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് മംസർ ബീച്ച് കേന്ദ്രീകരിച്ചാണ് ഓട്ടവും നീന്തലും നടത്തുന്നത്. 50ൽപരം താരങ്ങൾ പങ്കെടുക്കുമെന്ന് കേരള റൈഡേഴ്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കടലിരമ്പം പോലെ വാഹനവ്യൂഹം ചീറിപ്പായുന്ന ശൈഖ് സായിദ് റോഡിലെ ഗതാഗതം പൂർണമായും വിലക്കിയായിരുന്നു കഴിഞ്ഞ തവണ ഫിറ്റ്നസ് ചലഞ്ച് സമാപനത്തോടനുബന്ധിച്ച് ദുബൈ റൺ സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70,000ത്തിൽപരം അത്ലറ്റുകളും കായികപ്രേമികളും മുഴുവൻ സമയം പങ്കെടുത്ത് റൺ വലിയൊരു ചരിത്രമാണ് യു.എ.ഇയുടെ കായികഭൂപടത്തിൽ എഴുതിച്ചേർത്തത്.
കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങളെ പമ്പകടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.