ദുബൈ: രാഷ്ട്രീയമാറ്റത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്താനിലേക്ക് ദുബൈയുടെ 120 ടൺ സഹായം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറിന് കീഴിലാണ് സഹായം എത്തിക്കുക. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശമനുസരിച്ചാണ് എട്ട് വിമാനങ്ങളിലായി സഹായമയക്കുന്നത്. ഓരോ വിമാനത്തിലും 15 ടൺ വീതം അടിസ്ഥാന ഭക്ഷ്യസാധനങ്ങളും വസ്ത്രവുമാണ് കയറ്റി അയക്കുക.
ആദ്യ സഹായവിമാനം വ്യാഴാഴ്ച അഫ്ഗാനിസ്താനിലെത്തിയതായി മാനുഷിക- സാംസ്കാരിക കാര്യ ഉപദേശകൻ ഇബ്രാഹീം ബുമൽഹ അറിയിച്ചു. നിലവിലെ സാഹചര്യം കാരണം അഫ്ഗാനികൾ അനുഭവിക്കുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനാണ് മാനുഷിക സഹായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഹായമെത്തിക്കാൻ സൗകര്യമൊരുക്കിയ ദുബൈ വ്യോമയാന വകുപ്പിന് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
പ്രതിസന്ധി ആരംഭിച്ച ആദ്യഘട്ടത്തിൽതന്നെ അഫ്ഗാനിൽ സഹായമെത്തിച്ച രാജ്യമാണ് യു.എ.ഇ. മരുന്നും ഭക്ഷണവുമടങ്ങുന്ന സഹായവുമായി ഇതിനകം നിരവധി വിമാനങ്ങൾ അയച്ചിട്ടുണ്ട്. 8500 അഫ്ഗാനികൾക്ക് യു.എ.ഇയിൽ അഭയം നൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.