ദുബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാണ് യു.എ.ഇ എന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രശംസിച്ചു. ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറ് ആസ്ഥാനം സന്ദർശിച്ച ശേഷമാണ് പരാമർശം.
രാജ്യത്തെ അത്യാധുനിക സുരക്ഷ സൗകര്യങ്ങളെയും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള സന്നദ്ധതയെയും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിലെ വിജയത്തിെൻറ പ്രധാന ഘടകങ്ങളും പ്രതിപാദിച്ചാണ് ഇമാറാത്തിനെ ആഗോളതലത്തിൽ സുരക്ഷിത രാജ്യമായി ശൈഖ് മുഹമ്മദ് വിലയിരുത്തിയത്. ആഗോള മുന്നേറ്റങ്ങളുമായി കുതിക്കാനുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രമം യു.എ.ഇയെ ലോകമെമ്പാടുമുള്ള ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാക്കിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാജകീയ വരവേൽപ് നൽകിയാണ് ശൈഖ് മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ ബെൽഹോൾ, മേജർ ജനറൽ അവാദ് ഹാദർ അൽ മുഹൈർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. സുരക്ഷ വകുപ്പിെൻറ ഭാവി പദ്ധതികളെക്കുറിച്ച് ദുബൈ ഭരണാധികാരിക്കു മുന്നിൽ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറ് വിശദീകരിച്ചു.
സുരക്ഷ ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച ശൈഖ് മുഹമ്മദ്, പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള കഴിവുകളിൽ രാജ്യനേതൃത്വത്തിന് വലിയ വിശ്വാസമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.