ദുബൈ: എമിറേറ്റിലെ ജലഗതാഗത ശൃംഖല 188 ശതമാനം വികസിപ്പിക്കുന്നതിനുള്ള ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) പുതിയ പദ്ധതിക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. 2030ഓടെ 2.22 കോടി യാത്രക്കാർക്ക് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. നിലവിൽ അബ്രകളിലെ യാത്രക്കാരുടെ എണ്ണം 1.47 കോടിയാണ്. ഏഴു വർഷത്തിനകം ഇത് 51 ശതമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ജലഗതാഗതശൃംഖല 55 കിലോമീറ്ററിൽനിന്ന് 158 കിലോമീറ്ററായി വർധിപ്പിക്കും.
ദുബൈ ക്രീക്ക്, ദുബൈ വാട്ടർ കനാൽ, അറേബ്യൻ ഗൾഫ് തീരം, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലെ അബ്ര സ്റ്റേഷനുകളുടെ എണ്ണം 48ൽനിന്ന് 79 ആയി ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു. പാസഞ്ചർ ട്രാൻസ്പോർട്ട് ലൈനുകളുടെ എണ്ണം ഏഴിൽനിന്ന് 35 ആയും വർധിപ്പിക്കും. കൂടാതെ, ബോട്ടുകളുടെ എണ്ണം 32 ശതമാനം വർധിപ്പിച്ച് 196ൽ നിന്ന് 258 ആയി ഉയർത്തും. ആർ.ടി.എ വികസിപ്പിച്ച ലോകത്തെ ആദ്യ ത്രിമാന ഇലക്ട്രിക് അബ്രയുടെ പ്രവർത്തനവും ദുബൈ കിരീടാവകാശി വിലയിരുത്തി. മരംകൊണ്ട് നിർമിച്ച പരമ്പരാഗത ബോട്ടുകളാണ് അബ്രകൾ.
ഡ്രൈവറില്ലാ അബ്രയുടെ വിജയകരമായ പരീക്ഷണ ഓട്ടം താൻ നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ഇക്കഴിഞ്ഞ മേയിൽ ഡ്രൈവറില്ലാ അബ്രയുടെ ട്രയൽ റണ്ണിന് ദുബൈ കിരീടാവകാശി അനുമതി നൽകിയിരുന്നു. ക്യാപ്റ്റന്റെ മേൽനോട്ടത്തിൽ നിശ്ചിത റൂട്ടിലൂടെയായിരുന്നു ട്രയൽ റൺ.
യാത്രക്കിടയിൽ ആവശ്യമെങ്കിൽ മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇടപെടൽ. പ്രാദേശികമായി നിർമിച്ച ഇലക്ട്രിക് അബ്രകളുടെ രൂപകൽപന പൈതൃക സ്വത്തം നിലനിർത്തിയായിരുന്നു.
അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനം ഒട്ടും ഇല്ല എന്നതാണ് ഇലക്ട്രിക് അബ്രകളുടെ പ്രത്യേകത. അറ്റകുറ്റപ്പണികളിൽ പരമ്പരാഗത അബ്രകളെ അപേക്ഷിച്ച് 30 ശതമാനം ലാഭിക്കാനും സാധിക്കും. ഡീസൽ ഉപയോഗിച്ച് ഓടുന്ന അബ്രകളെ അപേക്ഷിച്ച് ശബ്ദമലിനീകരണവും ഇല്ല. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ചാണ് ഇലക്ട്രിക് അബ്രകളുടെ സഞ്ചാരം. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറുകൾക്ക് ഏഴ് നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാവും.
അൽ ഗർഹൂദിലെ ആർ.ടി.എയുടെ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കേന്ദ്രവും ശൈഖ് ഹംദാൻ സന്ദർശിച്ചു. അഞ്ച് വർക്ഷോപ്പുകൾ, 250 മീറ്റർ കടൽഭിത്തികൾ, 32 മീറ്റർ വരെ നീളമുള്ള ബോട്ടുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഡോക്കുകൾ, 100 ടൺ വരെ ഭാരം ഉയർത്താൻ ശേഷിയുള്ള ബോട്ട് ക്രെയ്ൻ, മൂന്ന് നില സംഭരണകേന്ദ്രം, ഭരണനിർവഹണ കെട്ടിടം, ജീവനക്കാരുടെ വിശ്രമകേന്ദ്രം എന്നിവ ഉൾപ്പെടെ 5,000 ചതുരശ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് മെയിന്റനൻസ് സെന്റർ. ഒരേസമയം 16 ബോട്ടുകൾ വരെ ഉൾകൊള്ളാൻ ഇതിന് കഴിയും. ആർ.ടി.എ ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിനിടെ ജലഗതാഗത രംഗത്തെ ആദ്യ ഇമാറാത്തി വനിത ക്യാപ്റ്റൻ ഹനാദി അൽ ദൂസരിയെയും ഹംദാൻ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.