ദുബൈ: ആറാമത് ദുബൈ വനിതാ ട്രൈയാത്ലോൺ രജിസ്ട്രേഷൻ ആരംഭിച്ചതായി സ്പോർട്സ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ദുബൈ ലേഡീസ് ക്ലബുമായി സഹകരിച്ച് ദുബൈ സ്പോർട്സ് കൗൺസിൽ നടത്തിവരുന്ന പരിപാടിയാണിത്. ഇത്തവണ ഒക്ടോബർ 22ന് അരങ്ങേറുന്ന മൽസരത്തിൽ എല്ലാ രാജ്യക്കാരുമായ 15വയസ് പൂർത്തിയായ സ്ത്രീകൾക്ക് മൽസരത്തിൽ പങ്കെടുക്കാം.
ദുബൈ സ്പോർട്സ് കൗൺസിലിന്റെയും ഹോപ സ്പോർട്സിനെറയും വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. 400മീറ്റർ നീന്തലും 10കി.മീറ്റർ സൈക്ലിങും 2.5കി.മീറ്റർ ഓട്ടവും ഉൾപ്പെട്ട സൂപ്പർ സ്പിരിറ്റ്, 750മീറ്റർ നീന്തലും 20കി.മീറ്റർ സൈക്ലിങും 5കി.മീറ്റർ ഓട്ടവും ഉൾപ്പെട്ട സ്പിരിറ്റ്, 1.5കി.മീറ്റർ നീന്തലും 40കി.മീറ്റർ സൈക്ലിങും 10കി.മീറ്റർ ഓട്ടവും ഉൾപ്പെട്ട ഒളിമ്പിക് സ്റ്റാൻന്റേഡ് കോഴ്സ് എന്നീ കാറ്റഗറികളിലാണ് മൽസരങ്ങൾ അരങ്ങേറുക.
നീന്തൽ മൽസരം ദുബൈ ലേഡീസ് ക്ലബിലും സൈക്ലിങ് ജുമൈറ ബീച്ച് റോഡിലും ഓട്ടം ദുബൈ കനാലിന് സമീപത്തുമാണ് അരങ്ങേറുക. യു.എ.ഇയുടെ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയിൽ സ്വകാര്യതയും സുരക്ഷയും മലസരത്തിന് വേണ്ടി ഒരുക്കുമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. 2017ൽ ആരംഭിച്ച ദുബൈ വനിതാ ട്രൈയാത്ലോൺ മേഖലയിലെ വനിതകൾ മാത്രം പങ്കെടുക്കുന്ന ഈ രൂപത്തിലെ ഏക പരിപാടിയാണ്. ഓരോ വർഷവും മൽസരത്തിലെ പങ്കാളിത്തം വർധിക്കുകയാണെന്നും മികച്ച പ്രതികരണമാണ് സ്ത്രീകളിൽ നിന്ന് ലഭിക്കുന്നതെന്നും പ്രസ്താവനയിൽ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.