ദുബൈ: ഉന്നത വിദ്യാഭ്യാസത്തിന്റെയും കരിയറിന്റെയും പുതിയ മേഖലകളും നവീന കാഴ്ചപ്പാടുകളും പങ്കുവെച്ച് ‘ഗൾഫ് മാധ്യമം എജുകഫെ’ പത്താം സീസണ് പരിസമാപ്തി. ദുബൈ മില്ലെനിയം എയർപോർട്ട് ഹോട്ടലിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടന്ന പ്രദർശനം കാണാനും വിവിധ സെഷനുകളിൽ പങ്കെടുക്കാനുമായി നിരവധി പേരെത്തി.
ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യഭ്യാസരംഗത്തെ 50ഓളം സ്ഥാപനങ്ങളാണ് ഇത്തവണ ‘എജുകഫെ’യിൽ പ്രദർശനത്തിനെത്തിയത്. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാനുള്ള സൗകര്യമാണ് മേളയിൽ ഒരുക്കിയത്.
യു.എ.ഇ, ഇന്ത്യ, യു.എസ്, യൂറോപ്, കാനഡ എന്നിവിടങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളിൽ 30 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം വിവിധ സ്ഥാപനങ്ങൾ മേളയിൽ പരിചയപ്പെടുത്തി. വിവിധയിടങ്ങളിലേക്ക് അഡ്മിഷന് ആവശ്യമായ യോഗ്യത, ഫീസ്, സ്കോളർഷിപ്പുകൾ എന്നിവ സംബന്ധിച്ചും മനസ്സിലാക്കാൻ അവസരമൊരുക്കി. നവീനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സ്പേസ് സയൻസ് തുടങ്ങിയവയിലേക്ക് വഴിതുറക്കുന്ന കോഴ്സുകളും പരിചയപ്പെടാനവസരമുണ്ടായിരുന്നു.
വിവിധ കോഴ്സുകളെയും ജോലി സാധ്യതകളെയും കുറിച്ച് വ്യക്തമാക്കുന്ന സെഷനുകളും രണ്ടു ദിവസങ്ങളിലായി വേദിയിൽ അരങ്ങേറി. ആരോഗ്യ വിദഗ്ധയും ലൈഫ് സ്റ്റൈൽ ബ്ലോഗറുമായ ഡോ. സൗമ്യ സരിൻ, റോബോട്ടിക്സ് സാങ്കേതികവിദ്യ വിദഗ്ധൻ ബെൻസൺ തോമസ്, കരിയർ കൗൺസലിങ് വിദഗ്ധൻ ഡോ. ശരീഫ് എന്നിവരാണ് വിവിധ സെഷനുകൾ നയിച്ചത്. കരിയർ സംശയങ്ങൾ തീർക്കാനായി സിജി ഇന്റർനാഷനൽ കരിയർ ടീം അംഗങ്ങളുടെ പ്രത്യേക കൗൺസലിങ് സെഷനും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.