റമദാനിൽ പൊതുവെ വിനോദങ്ങൾക്ക് അവധി നൽകുന്നവരാണ് മിക്കവരും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ കുറയുന്നത് അതിനാലാണ്. എന്നാൽ ആത്മീയതയുടെ ആനന്ദം ആസ്വദിക്കുന്നതിന് പ്രകൃതിരമണീയമായ സ്ഥലങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നവരും കുറവല്ല. ഇത്തരക്കാരെ ലക്ഷ്യം വെച്ചാണ് ഇതാദ്യമായി റമദാനിൽ ദുബൈ ഹത്തയിലെ റിസോർട്ടും ഹത്ത വാദി ഹബ്ബും തുറക്കാൻ തീരുമാനിച്ചത്.
ദുബൈയിലെ ഏറ്റവും പ്രശാന്ത സുന്ദരമായ ഹത്ത പ്രദേശത്തെ വാദി ഹബ് പ്രവർത്തനം മെയ് 15വരെയാണ് നീട്ടിയിരിക്കുന്നത്. എമിറേറ്റിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനത്തിന്റെ ഭാഗമായതും പ്രകൃതിരമണീയമായ ഹജർ പർവതനിരകളാൽ ചുറ്റപ്പെട്ടതുമായ ഹത്ത, എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ടൂറിസ്റ്റ് കേന്ദ്രമാണിപ്പോൾ. ഇവിടുത്തെ റിസോട്ടിലും വാദിഹബിലും റമദാൻ മാസത്തിലുടനീളം ചിലവഴിക്കുന്നതിന് വിപുലമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും പ്രത്യേക താമസ സൗകര്യം ഉൾപ്പെടുന്ന പാക്കേജാണ് ഇതിൽ പ്രധാനം. മൂന്ന് വ്യത്യസ്തമായ താമസസൗകര്യങ്ങളിലെ അവിസ്മരണീയമായ അനുഭവം സമ്മാനിക്കും വിധമാണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്.
നഗരജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറി ആസ്വാദനത്തിന് വരുന്നവർക്ക് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴിലെ താമസം ആനന്ദകരമായിരിക്കും. ഹത്ത ഡോം പാർക്കിൽ മിനാരങ്ങളുടെ ആകൃതിയിലുള്ള ടെൻറുകളാണുള്ളത്. ഇതിന് പുറത്ത് ഇഫ്താർ ഒരുക്കാനുള്ള സൗകര്യവുമുണ്ട്. മലനിരകളിൽ സ്ഥിതി ചെയ്യുന്ന മേഖലയിലെ ആദ്യത്തെ ട്രെയിലർ ഹോട്ടലായ സിദ്ർ ട്രെയിലേഴ്സ് റിസോർട്ട്, മനോഹരമായ കുന്നിൻ മുകളിലെ കാഴ്ചകൾ കാണാനാവുന്ന ദമാനി ലോഡ്ജസ് റിസോർട്ട് എന്നിവയും ഇവിടുത്തെ ആകർഷണങ്ങളാണ്. ഇഫ്താർ ബോക്സുകൾ കൂടാരങ്ങളിൽ എത്തിക്കാനുള്ള സൗകര്യവും മറ്റു റമദാൻ സഹായങ്ങളും ഇവിടെ ഒരുക്കിയതിൽ ഉൾപ്പെടും. അതേസമയം, മേഖലയിലെ ആദ്യ ആഡംബര കാരവൻ പാർക്കായ ഹത്ത കാരവൻ പാർക്ക് റമാദാനിൽ തുറക്കില്ലെന്നും, എന്നാൽ പെരുന്നാൾ മുതൽ സീസൺ അവസാനിക്കുംവരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
എല്ലാ പ്രായക്കാർക്കും കുറഞ്ഞ നിരക്കിൽ നിരവധി വിനോദ പ്രവർത്തനങ്ങൾ ലഭിക്കുന്ന ഹത്ത വാദി ഹബ്ബിൽ പകൽ സമയത്ത് സാഹസിക യാത്രക്കും സൗകര്യമുണ്ട്. മലനിരകളിലൂടെ ബൈക്കിങ്, പാരാഗ്ലൈഡിങ്, സിപ്ലൈനിങ്, അമ്പെയ്ത്ത് തുടങ്ങി കുതിര, ഒട്ടക സവാരി എന്നിവക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
സൗജന്യ വൈഫൈ സൗകര്യമുള്ള ഇവിടെ വൈകുന്നേരങ്ങളിൽ എത്തിച്ചേരുന്നവർക്കും സ്ഥല ലഭ്യതയനുസരിച്ച് പ്രവേശനം അനുവദിക്കുന്നുണ്ട്.
നിരക്കുകൾ ഇങ്ങനെ:
ടെൻറ് കാമ്പിങിന് സാധാരണ ദിവസങ്ങളിൽ 199ദിർഹവും അവധി, വാരാന്ത്യ ദിവസങ്ങളിൽ 299ദിർഹവുമാണ്. സിദ്ർ ട്രെയിലേഴ്സ് റിസോർട്ടിൽ ഒരു രാത്രി ചിലവഴിക്കുന്നതിന് 750ദിർഹം മുതലാണ് നിരക്ക്. ഹത്ത ഡോം പാർക്കിൽ 950ദിർഹം നിരക്കുണ്ട്. എന്നാൽ റമദാനിൽ 40ശതമാനം വരെ നിബന്ധനകളോടെ നിരക്കിളവ് നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.