അബൂദബി: അൽഐൻ മൃഗശാലയിൽ ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്കും മറ്റും പരിസ്ഥിതി ഗവേഷണ സേവനം ആരംഭിക്കുന്നു. എല്ലാ ഘട്ടങ്ങളിലുള്ള വിദ്യാർഥികൾക്കും അക്കാദമിക് ഗവേഷകർക്കുമായാണ് പുതിയ സേവനം ആരംഭിക്കുന്നത്. കാഴ്ച ബംഗ്ലാവിനോടനുബന്ധിച്ചുള്ള ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രത്തിലേക്ക് ഗവേഷണത്തിനെത്തുന്നവർക്ക് സൗജന്യ പ്രവേശനം നൽകുമെന്നും അധികൃതർ അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള ഗവേഷകർ, അക്കാദമിക് സ്പെഷലിസ്റ്റുകൾ, സന്ദർശകർ എന്നിവർക്ക് വൈവിധ്യമാർന്ന പഠന- സൗകര്യം ഉണ്ടാകുമെന്ന് അൽഐൻ മൃഗശാലയിലെ ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം ഡയറക്ടർ മുനീറ ജാസീം അൽ ഹൊസാനി പറഞ്ഞു.
ഗവേഷണ വിദ്യാർഥികൾക്ക് പാഠ്യപദ്ധതിയേക്കാൾ കൂടുതൽ പ്രായോഗിക ധാരണ നേടുന്നതിനും സവിശേഷമായ വിദ്യാഭ്യാസ അനുഭവം നൽകുന്നതിനും പുതിയ സംരംഭം പ്രയോജനപ്പെടും. കേന്ദ്രത്തിൽ ലഭ്യമായ റഫറൻസ് ഗ്രന്ഥങ്ങളും ഇലക്ട്രോണിക് വിഭവങ്ങളും എല്ലാവർക്കും ഉപയോഗപ്പെടുത്താനാവുമെന്നതോടൊപ്പം നൂതന പഠന ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. വിപുലമായ ലൈബ്രറി ഗവേഷണത്തിനായി യു.എ.ഇയിലുടനീളമുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ ഉപയോഗിക്കാനാവും. ശാസ്ത്ര -പ്രകൃതി- സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലും താൽപര്യമുള്ള വിദ്യാർഥികൾക്ക് വിഡിയോ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യം ഉപകാരപ്പെടും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഗവേഷണ കേന്ദ്രം ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രത്തിലെത്തുന്ന സന്ദർശകരിലും ജീവനക്കാരിലും വായന പ്രോത്സാഹിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.