ഷാർജ: സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ (എസ്.ഇ.സി) അംഗീകാരം നൽകി. എമിറേറ്റിലെ പ്രധാന വാണിജ്യ, നഗര പ്രദേശങ്ങളിൽ ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ചാർജ് ചെയ്യാനാവുന്ന രീതിയിൽ ഉയർന്ന നിലവാരത്തിലുള്ള അതിവേഗ ഇലക്ട്രിക് ചാർജറുകളാണ് സ്ഥാപിക്കുന്നത്. പദ്ധതി ഉടൻ നടപ്പാക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾ ആരംഭിക്കും.
അതേസമയം, ഷാർജയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനങ്ങളും എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തി. ഏത് രീതിയിലാണ് സേവനങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാമെന്നതും കമ്മിറ്റി ചർച്ച ചെയ്തു. യു.എ.ഇയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കൗൺസിൽ അംഗീകരിച്ചു. ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷത വഹിച്ച യോഗത്തിൽ എമിറേറ്റിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് സൗകര്യപ്രദമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ മുൻകൈയെടുക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇ.വി ചാർജിങ് സേവനങ്ങൾ സൗജന്യമായാണ് അനുവദിക്കുന്നത്. അതേസമയം, അടുത്തിടെ രാജ്യവ്യാപകമായി ഏകീകൃത ചാർജിങ് നിരക്കും യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം എക്സ്പ്രസ് ചാർജിങ് സേവനങ്ങൾക്ക് കിലോവാട്ടിന് മിനിമം 1.20 ദിർഹവും വാറ്റും ഇടാക്കാം. വേഗം കുറഞ്ഞ ചാർജിങ് സേവനങ്ങൾക്ക് കിലോവാട്ടിന് 90 ഫിൽസും വാറ്റുമാണ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.