ദുബൈ: 2024-25 വർഷങ്ങളിലായി ദുബൈ റോഡ് ഗതാഗത അതോറിറ്റി നടത്തുന്ന പ്രധാന പരിപാടികളിൽ സ്പോൺസർഷിപ്പിനായി ഇനോക് ഗ്രൂപ്പുമായി കരാറിലെത്തി.
ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും പിന്തുണയും മെച്ചപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം. ആർ.ടി.എയുടെ കോർപറേഷറ്റ് അഡ്മിനിസ്ട്രേറ്റിവ് സപോർട്ട് സർവിസസ് സെക്ടർ സി.ഇ.ഒ അഹമ്മദ് മഹ്ബൂബ്, ഇനോക് ഗ്രൂപ് എച്ച്.ആർ ആൻഡ് ന്യൂ ബിസിനസ് ഡവലപ്മെന്റ് മാനേജിങ് ഡയറക്ടർ ഹാഷിം അലി മുസ്തഫ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച 30ാമത് ഐ.ടി.എസ് വേൾഡ് കോൺഗ്രസ് ആൻഡ് എക്സിബിഷനിലാണ് കരാർ യാഥാർഥ്യമായത്. യൂറോപ്യൻ ഐ.ടി.എസ് സംഘടനയായ എർട്ടിക്കോയുടെ നേതൃത്വത്തിൽ ഐ.ടി.എസ് അമേരിക്ക, ഐ.ടി.എസ് ഏഷ്യ പസഫിക് എന്നിവയുടെ സഹകരണത്തോടെയാണ് എക്സിബിഷൻ നടത്തുന്നത്. സെപ്റ്റംബർ 16ന് ആരംഭിച്ച എക്സിബിഷൻ 20ന് സമാപിക്കും.
പ്രധാന അന്താരാഷ്ട്ര ഇവന്റുകൾ സംഘടിപ്പിക്കുന്നതിലും ആതിഥേയത്വം വഹിക്കുന്നതിലും ദുബൈ നേടിയ സുപ്രധാന നേട്ടങ്ങളും ആഗോള അംഗീകാരവും അടയാളപ്പെടുത്തുന്നതാണ് പുതിയ കരാർ എന്ന് അഹമ്മദ് മഹ്ബൂബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.