ദുബൈ: ജോർജ് സിറിയക് ദുബൈയിലേക്ക് ജോലിക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. ‘ബൾഗാരി ഹോട്ടൽ ആൻഡ് റിസോർട്ട്’ എന്ന സ്ഥാപനത്തിൽ സാമാന്യം ഭേദപ്പെട്ട ശമ്പളത്തിൽ ജോലി ലഭിച്ചിരിക്കുന്നു. വിസയും ടിക്കറ്റും അടക്കം ആവശ്യമായ എല്ലാ രേഖകളും സുഹൃത്തിന്റെ പരിചയത്തിലെ ഒരാൾ വഴിയാണ് ശരിയാക്കിക്കിട്ടിയത്.
ഏജന്റിന് പണം പൂർണമായി നൽകുന്നതിനു മുമ്പ് ബന്ധുവായ ഷിന്റോ ചെറിയാന് വിസ പരിശോധിക്കാമെന്ന് തോന്നി. സമൂഹമാധ്യമങ്ങൾ വഴി അറിയാവുന്ന ദുബൈയിലെ റേഡിയോ ജോക്കി ഫസ്ലുവിന് മെയിൽ അയച്ചു.
യു.എ.ഇയിലെ പ്രമുഖ യാത്രാസേവന സ്ഥാപനമായ സ്മാർട് ട്രാവൽ ‘ഗൾഫ് മാധ്യമ’ത്തിന്റെ മാധ്യമ പങ്കാളിത്തത്തോടെ ഒരുക്കിയ ‘എക്സ്പാറ്റ് ഗൈഡി’നെ സംബന്ധിച്ച് ഇദ്ദേഹം വഴിയാണ് ഷിന്റോ അറിയുന്നത്. ഉടൻ വിസ വിവരങ്ങൾ ‘എക്സ്പാറ്റ് ഗൈഡ്’ ഓൺലൈൻ സംവിധാനത്തിന് നൽകി. വൈകാതെ ലഭിച്ച മറുപടി വിസ വ്യാജമാണെന്നതായിരുന്നു. വളരെ ആധികാരികമെന്ന് തോന്നുന്ന രേഖകൾ നൽകി തന്നെ ഏജന്റ് വഞ്ചിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ജോർജ് മനസ്സിലാക്കുന്നത് അപ്പോൾ മാത്രമായിരുന്നു.
ലഭിച്ചെന്ന് കരുതിയ ജോലി കൈവിട്ടുപോയെങ്കിലും സാമ്പത്തിക നഷ്ടവും മാനഹാനിയുമുണ്ടാക്കുന്ന വലിയൊരു തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ജോർജിന്റെ കുടുംബം മുഴുവൻ. ദുബൈ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകളെല്ലാം വ്യാജമായി സൃഷ്ടിച്ച് ജോർജിന് തട്ടിപ്പുകാർ അയച്ചുനൽകിയതായി ഷിന്റോ ‘ഗൾഫ് മാധ്യമ’ത്തോട് പങ്കുവെച്ചു.
പ്രവാസികളെ വഞ്ചിക്കുന്നതായ വാർത്തകൾ പലതും കണ്ടതിനാലാണ് ആധികാരികത പരിശോധിക്കാമെന്ന് തോന്നിയതെന്നും സ്മാർട് ട്രാവലും ഗൾഫ് മാധ്യമവും ഒരുക്കിയ ‘എക്സ്പാറ്റ് ഗൈഡി’ന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കർണാടകയിലെ നന്ദിബെട്ടയിലാണ് ജോർജും കുടുംബവും താമസിക്കുന്നത്.
തൊഴിൽ തേടി ഗൾഫിലേക്ക് പോകുന്ന പ്രവാസികൾക്ക് വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സഹായിക്കുന്ന ‘എക്സ്പാറ്റ് ഗൈഡ്’ പ്രവർത്തനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേർ ഇതിനകം വിസ പരിശോധിക്കാൻ സംവിധാനത്തെ ഉപയോഗിച്ചു.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി നാടിന് സമർപ്പിച്ചത്. വിസയുടെയും മറ്റും മറവിൽ പ്രവാസികളെ ചൂഷണത്തിനിരയാക്കുന്നതിന് തടയിടുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
പ്രവാസലോകത്തേക്ക് കടന്നുവരുന്ന ഓരോരുത്തർക്കും ഉപയോഗപ്പെടുത്താവുന്ന ഈ സംവിധാനം വഴി നാട്ടിൽനിന്ന് യാത്ര തിരിക്കുന്നതിന് മുമ്പുതന്നെ വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സാധിക്കും. സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ താഴെ ലിങ്ക് ഉപയോഗിക്കുക: https://www.holidaymakers.com/index.php/visa/visa_verification_form
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.