ദുബൈ: ദുബൈയിൽ 15വർഷമായി പ്രവാസിയായ മുഹമ്മദ് യാസിർ കഴിഞ്ഞ ആഴ്ച എ.ടി.എമ്മിൽ കയറി തന്‍റെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോൾ ഞെട്ടി. അവിശ്വസനീയമായ, തനിക്ക് ഊഹിക്കാൻ പോലും പറ്റാത്ത വലിയ തുക അക്കൗണ്ടിൽ കാണിക്കുന്നു. എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും അപ്ഡേറ്റ് ചെയ്ത ശേഷം എ.ടി.എം കാർഡ് ശരിയായോ എന്നറിയാനാണ് എ.ടി.എമ്മിൽ കയറിയത്. അപ്പോഴാണ് 15,000ദിർഹം മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 100കോടിയോളം ദിർഹം ബാലൻസ് കാണിച്ചത്. കൃത്യമായി പറഞ്ഞാൽ 999974123.14ദിർഹം ബാലൻസ്.
സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ വന്നപ്പോൾ എ.ടി.എമ്മിൽ നിന്ന് ലഭിച്ച സ്ലിപ്പ് ചില സുഹൃത്തുക്കൾക്ക് അയച്ച് പരിശോധിച്ചപ്പോൾ എല്ലാവരും ഇത് വൻതുക തന്നെയെന്ന് ഉറപ്പിച്ചു. പിന്നീട് ആശങ്കയുടെ മണിക്കൂറുകളായിരുന്നു. എന്തോ തട്ടിപ്പിൽ കുരുങ്ങിയോ എന്നതായിരുന്നു പേടി. അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്ടപ്പെടുമോ എന്നും ഭയപ്പെട്ടു.
പിറ്റേന്ന് ബാങ്കിൽ ചെന്ന് വിഷയം പറഞ്ഞപ്പോൾ സാങ്കേതികമായ കാരണങ്ങളാലാണ് അക്കൗണ്ടിൽ വൻതുക കാണിച്ചതെന്നാണ് അധികൃതർ വിശദീകരിച്ചതെന്ന് യാസർ പറഞ്ഞു. തുടർന്ന് ഒരു ഫോം തന്ന് പൂരിപ്പിച്ച് ബാങ്കിൽ ഏൽപിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. പിന്നീട് മൂന്നു ദിവസത്തിനകം അക്കൗണ്ട് പഴയപടിയാവുകയും ചെയ്തു.
അതേസമയം, കെ.വൈ.സി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ടിൽ നെഗറ്റീവ് തുക കാണിക്കുമെന്നും അത്തരത്തിൽ വരുന്ന തുകക്കൊപ്പം ‘നെഗറ്റീവ്’ ചിഹ്നം കാണിക്കാത്തതിനാലാണ് വൻതുകയെന്ന് തോന്നുന്നതെന്നും ബാങ്കിങ് മേഖലയിലെ വിദഗ്ധർ പറയുന്നു. കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ യാസിർ ദുബൈ ആർ.ടി.എയിൽ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.