പാകിസ്താനിൽ മലബാർ ഗോൾഡിന്‍റെ പേരിൽ വ്യാജ ഷോറും; അധികൃതര്‍ അടച്ചുപൂട്ടിച്ചു

ദുബൈ: പാകിസ്താനിലെ ഇസ്​ലാമാബാദിൽ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സിന്‍റെ പേരിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഷോറൂം അധികൃതർ അടച്ചുപൂട്ടി. മലബാര്‍ ഗോള്‍ഡ് നൽകിയ പരാതിയെ തുടർന്നാണ്​ നടപടി. സ്ഥാപനം നടത്തിയിരുന്ന പാക്​ പൗരൻ മുഹമ്മദ്​ ഫൈസാനെതിരെ കേസെടുത്തു.

മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍ഡ് നെയിമും മറ്റ് വ്യാപാരമുദ്രകളും ഉപയോഗിച്ചതിന് പുറമെ, ബ്രാന്‍ഡ് അംബാസഡര്‍മാരുടെ ചിത്രങ്ങള്‍, ആഭരണ ഡിസൈനുകള്‍ എന്നിവ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പേജുകളും നടത്തുന്നുണ്ടായിരുന്നു. സ്ഥാപന അധികൃതരുടെ പരാതി പരിഗണിച്ച പാകിസ്ഥാന്‍ കോടതി മലബാര്‍ ഗോള്‍ഡിന്‍റെ പേരിലുള്ള എല്ലാ സൈന്‍ ബോര്‍ഡുകളും ഉടൻ നീക്കം ചെയ്യാനും ബ്രാന്‍ഡ് നാമത്തിന്‍റെയും വ്യാപാരമുദ്രകളുടെയും എല്ലാ ഉപയോഗവും നിര്‍ത്താനും ഉത്തരവിട്ടു.

കോടതി ഉത്തരവുകള്‍ പാലിക്കാന്‍ പ്രതി വിസമ്മതിച്ചതോടെ മലബാര്‍ ഗോള്‍ഡ് കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ഇതോടെ ബ്രാന്‍ഡ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ക്കനുസൃതമായി ഒത്തുതീര്‍പ്പിനും തുടര്‍ന്നുള്ള കരാറിനുമായി ഫൈസാന്‍ മലബാര്‍ ഗോള്‍ഡിനെ സമീപിച്ചു. തന്‍റെ പേരില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രതി നല്‍കിയ ട്രേഡ്മാര്‍ക്ക് അപേക്ഷ പിന്‍വലിക്കുക, പ്രധാന ഇംഗ്ലീഷ്, ഉറുദു പത്രങ്ങളുടെ എല്ലാ പതിപ്പുകളിലും കുറ്റസമ്മതം നടത്തുക തുടങ്ങിയ ഉപാധികളുമാണ് മുന്നോട്ടുവെച്ചത്. ഇതെല്ലാം ഫൈസാന്‍ സമ്മതിച്ചു.

വിശ്വാസത്തിന്‍റെ അടിത്തറയില്‍ സ്ഥാപിതമായ ബിസിനസ്സാണ് തങ്ങളുടേതെന്നും വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ബ്രാന്‍ഡ് മൂല്യം ഏറെ വിലപ്പെട്ടതാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ബ്രാന്‍ഡിന്‍റെ മൂല്ല്യവും പ്രശസ്തിയും ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമവും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Fake Malabar Gold & Diamonds showroom in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.