ദുബൈ: ആ വിമാനത്തിൽ ഷെസ ഫാത്തിമയും മുഹമ്മദ് ഷഹീനും ഉമ്മ ഷഹർബാനുവിനൊപ്പം നാട്ടിലേക്കു മടങ്ങുകയായിരുന്നു. പ്രിയപ്പെട്ട ഉപ്പയുടെ കൂടെ മാസങ്ങൾ െചലവഴിച്ച് സന്തോഷത്തിലായിരുന്നു മടക്കം.
ആഗസ്റ്റ് 10ന് വിസിറ്റിങ് വിസ കാലാവധി കഴിയുമെന്നതിനാലാണ് ഭാര്യയെയും മക്കളെയും മലപ്പുറം കല്ലിങ്ങൽ കീഴേടത്തിൽ ഷൗക്കത്തലി നാട്ടിലേക്കയച്ചത്. 'ടാറ്റാ'പറഞ്ഞ് മുത്തം നൽകിയാണ് മക്കളെ അദ്ദേഹം യാത്രയാക്കിയത്. നാലു മണിക്കൂർ കഴിഞ്ഞു കേട്ടത് നല്ല വാർത്തയായിരുന്നില്ല. പരിഭ്രാന്തിയും ആശങ്കയും നിറഞ്ഞ മണിക്കൂറുകളായിരുന്നു പിന്നീട്. എല്ലാ വഴികളിലൂടെയും അദ്ദേഹം വിവരങ്ങളറിയാൻ ശ്രമിച്ചു. ഒടുവിൽ ഭാര്യയെ ഫോണിൽ കിട്ടി. പരിക്കുകളോടെ ആശുപത്രിയിലാണ്. അഞ്ചുവയസ്സുകാരനായ മകൻ ഷഹീനും കാര്യമായ പരിക്കില്ല. പക്ഷേ ഒന്നര വയസ്സുകാരിയായ മകൾ എവിടെയാണെന്ന് വിവരമില്ല.
പരിക്കേറ്റ മകളെ ഭാര്യ രക്ഷാദൗത്യത്തിലുണ്ടായിരുന്ന ഒരാളുടെ ൈകയിൽ ഏൽപിക്കുകയായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ഏറ്റവും കഠിനമായ ആ വാർത്തയാണ് ഷൗക്കത്തലി കേട്ടത്. ഷെസ മോൾ മടക്കമില്ലാത്ത ലോകത്തേക്കു യാത്രയായി. ഭാര്യയും പൊന്നുമോനും രക്ഷപ്പെട്ടതിെൻറ ആശ്വാസം മാത്രമായിരുന്നു അദ്ദേഹത്തിന് സാന്ത്വനമായുണ്ടായിരുന്നത്.
ഭാര്യക്ക് ഡിസ്ക്കിനും മറ്റും ചെറുതല്ലാത്ത പരിക്കുപറ്റി. ഷഹീന് പക്ഷേ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടാനായി. അപകടത്തിന് ഒരു വർഷം തികയുേമ്പാഴും കുടുംബത്തിന് ദുരന്തത്തിെൻറ ആഘാതത്തിൽ നിന്ന് പൂർണമായും മോചിതരാകാനായിട്ടില്ല. ഷെസ മോളുടെ കളിചിരികൾ അവസാനിച്ച ആ നിമിഷത്തെ അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല. നാട്ടിലും യു.എ.ഇയിലുമായി വേർപെട്ട് കഴിയാൻ സാധിക്കാത്തതിനാൽ അപകടത്തിനു മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി അജ്മാനിൽ കഴിയുകയാണ് ഇപ്പോൾ കുടുംബം.
ഷഹർബാനുവിെൻറ ശാരീരിക പ്രയാസങ്ങൾ മാറിയിട്ടില്ല. ഇടതുഭാഗത്ത് ചിലസമയങ്ങളിൽ അസഹ്യമായ വേദനയാണ്. നാട്ടിലാണ് ചികിത്സിച്ചിരുന്നത്. യു.എ.ഇയിൽ എത്തിയതോടെ ഇവിടെ ഡോക്ടറെ കണ്ട് ചികിത്സ തുടരാനുള്ള തയാറെടുപ്പിലാണ്. വീണ്ടുമൊരു വിമാന യാത്രക്ക് തയാറാകാൻ അവർക്ക് സൈക്കോളജിസ്റ്റിെൻറ ചികിത്സ വേണ്ടിവന്നു.അപകട ശേഷം ചികിത്സക്ക് എയർ ഇന്ത്യയുടെ സഹായം ലഭിച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിച്ചില്ലെന്ന് ഷൗക്കത്തലി പറയുന്നു.
മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കുന്ന സഹായം മാത്രമാണ് സർക്കാർ അനുവദിച്ചത്. അപകടം എയർ ഇന്ത്യയുടെ അനാസ്ഥ കാരണമാണ് സംഭവിച്ചതെന്ന് ഈ കുടുംബം പറയുന്നു. ഇനി ഇത്തരം അനാസ്ഥയുണ്ടാകരുതെന്നാണ് അധികൃതരോട് അവർക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.