അബൂദബി: ഫാം ഹൗസുകള്‍ അവധിക്കാല വീടുകളായി മാറ്റുന്നതിന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അനുമതി നല്കി. എമിറേറ്റിൽ വ്യത്യസ്ത താമസസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഫാം ഉടമകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുമാണ് പുതിയ നീക്കം. ഹോളിഡേ ഹോമുകള്‍ ഒരുക്കുന്നതിന് ഫാം ഹൗസ് ഉടമകള്‍ക്ക് വകുപ്പില്‍നിന്ന് ലൈസന്‍സ് കരസ്ഥമാക്കാം. ഫാം സ്റ്റേ, കാരവന്, വിനോദ വാഹനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഹോളിഡേ ഹോം നയമാണ് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുതുക്കിയത്. ഭൂ ഉടമകള്‍ക്കും താമസകേന്ദ്ര ഉടമകള്‍ക്കും ഒന്നിലേറെ ഹോളിഡേ ഹോം ലൈസന്‍സുകൾ തരപ്പെടുത്താം.
അബൂദബിയുടെ ആതിഥ്യത്തെയും കാര്‍ഷിക-ടൂറിസം മേഖലയെയും പിന്തുണക്കുന്നതാണ് പുതിയ തീരുമാനമെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ജെസീരി പറഞ്ഞു. ഹോളിഡേ ഹോമുകളുടെ ലൈസന്‍സ് മാനദണ്ഡം പാലിക്കുന്നതിന് ആറുമാസം ഫാം ഹൗസ് ഉടമകള്‍ക്ക് സാവകാശം നല്‍കും. പ്രാദേശിക ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാം ടൂറിസത്തിനും അബൂദബിയില്‍ അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഹോട്ടലുകളിലെ മുറികളില്‍ 70 ശതമാനവും ബുക്കിങ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ ശരാശരി 67 ശതമാനമാണെന്നിരിക്കെയാണ് അബൂദബി 70 ശതമാനം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ അബൂദബിയിലെത്തിയത് ഇന്ത്യ, സൗദി, ബ്രിട്ടന്, യു.എസ് എന്നീ രാജ്യങ്ങളില്‍നിന്നാണ്. അബൂദബിയില്‍ സംഘടിപ്പിച്ച വിനോദ, കായിക, വ്യാപാര, റോഡ് ഷോ മുതലായവയാണ് സന്ദര്‍ശകരുടെ വര്‍ധനക്ക് സഹായകമായത്.
വിനോദ സഞ്ചാരികള്‍ക്ക് ഫാമുകള്‍ സന്ദര്‍ശിക്കാനും താമസിക്കാനുമുള്ള അനുമതി നല്‍കിയതുവഴി ടൂറിസം മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ഫാമിലെ ഉൽപന്നങ്ങള് അവിടെത്തന്നെ വിറ്റഴിക്കാനും സാധിക്കും. മാത്രമല്ല, ഹോം സ്റ്റേകള്‍ വാടകയിനത്തില്‍ അധിക വരുമാനം കണ്ടെത്തുന്നതിനും ഉപകരിക്കും. നഗരത്തിലെ തിരക്കുകളില്നിന്നുമാറി ഗ്രാമീണ അന്തരീക്ഷത്തില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ചെലവഴിക്കാം.
ജൈവ ഉൽപന്നങ്ങള് നേരിട്ടു വാങ്ങുകയും ചെയ്യാം. അതേസമയം, ഫാമിലെ കൃഷികളെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ ചെറിയ ആഘോഷങ്ങള്‍ക്കും ഇത്തരം ഫാമുകളില്‍ അവസരമുണ്ട്. കമ്പനികളുടെ വാര്‍ഷിക മീറ്റിങ്, സംഘടനകളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരല്‍, വിവിധ ആഘോഷങ്ങള്‍ക്കുമൊക്കെ ഫാമുകള്‍ ഉപയോഗിക്കാം. വിനോദ വിഭാഗങ്ങളിലാണ് താമസയിടങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാമിന്റെ മൊത്തം വിസ്തൃതിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ ഹോം സ്റ്റേ പാടില്ല. ട്രേഡ് ലൈസന്‍സ് നിര്‍ബന്ധമാണ്. 1536 ഫാമുകളാണ് അബൂദബി എമിറേറ്റില്‍ മാത്രം നിലവില്‍ ഉള്ളത്.
2020ല്‍ 1300 കോടി ദിര്‍ഹത്തിന്റെ കാര്‍ഷിക ഉൽപന്നങ്ങളാണ് ഇത്തരം ഫാമുകള്‍ ഉൽപാദിപ്പിച്ചത്. 2021ല്‍ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1.1 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നു. അബൂദബി എമിറേറ്റില്‍ ഹോം സ്റ്റേകള്‍ക്ക് അനുമതിയായതോടെ മലയാളികള്‍ അടക്കമുള്ള നിരവധി ഫാം ഹൗസ് ഉടമകള്‍ക്ക് വന്‍ സാധ്യതകളാണ് തുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.