അജ്മാന്‍: അജ്മാന്‍ പുതിയ വ്യാവസായിക മേഖലക്ക് സമീപം പ്രവര്‍ത്തിക്കുന്ന വാണിജ്യ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. ബുധനാഴ്ച്ച വൈകീട്ട് ആറു മണിയോടെയാണ് അജ്മാനിലെ ഇറാനി മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന വാണിജ്യ കേന്ദ്രത്തിനു തീ പിടിച്ചത്.
മാര്‍ക്കറ്റിെൻറ പിൻവശത്തെ ഷോപ്പില്‍ നിന്നാണ് ആദ്യം തീ ഉയര്‍ന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. കടുത്ത ചൂട് അന്തരീക്ഷവും കാറ്റും തീ ദ്രുതഗതിയില്‍ ആളിപ്പടരാന്‍ ഇടവരുത്തുകയായിരുന്നു. ഏതാനും നിമിഷം കൊണ്ട് തീ സമീപത്തെ ഏതാനും കടകളിലേക്ക് പടര്‍ന്നു.
ശക്തമായ തീയെ തുടര്‍ന്ന് പരിസരത്ത് വന്‍ പുകപടലം ഉയര്‍ന്നിരുന്നു. അജ്മാനിലെ ഇലക്ട്രിസിറ്റി കാര്യാലയം, അജ്മാൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അജ്മാന്‍ പഴം പച്ചക്കറി മാംസ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ്, ബലദിയ ക്യാമ്പ്, സാലം മാര്‍ക്കറ്റ്, എമ്പോസ്റ്റ് കാര്യാലയം എന്നിവ ഈ വാണിജ്യ കേന്ദ്രത്തിനടുത്താണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ക്കറ്റ് താല്‍കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
മലയാളികളുടെ 25ൽ അധികം സ്ഥാപനങ്ങള്‍ ഈ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികളുടെ ഉടമസ്ഥതയില്‍ ബെഡ്, തലയണ, കംഫര്‍ട്ട് എന്നിവയുടെ സ്ഥാപനങ്ങളും ബംഗാളികളുടെ നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളുമാണ് മുഖ്യമായും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 120ഓളം സ്ഥാപനങ്ങള്‍ ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും തീ പിടിച്ചതായാണ് പ്രാഥമിക വിവരം.
ഓരോ സ്ഥാപനങ്ങളിലും എട്ട് ലക്ഷത്തോളം വില വരുന്ന സാധനങ്ങള്‍ സ്റ്റോക്കുണ്ടായിരുന്നതായി അവിടെ ജോലി ചെയ്യുന്ന മലയാളികള്‍ പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം എല്ലാ മാര്‍ക്കറ്റുകളും തുറന്നപ്പോഴും ഈ മാര്‍ക്കറ്റ് തുറന്നിരുന്നില്ല. ഈ മാസം 15ന് തുറക്കുന്നതിനു നഗരസഭ നിര്‍ദേശത്തെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ പണികള്‍ മാര്‍ക്കറ്റില്‍ നടന്നിരുന്നു.
അറ്റകുറ്റപ്പണികള്‍ക്കിടെ വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നിടത്ത് നിന്നുള്ള ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നതിനാല്‍ ആളപായം അടക്കമുള്ള അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. സിവില്‍ ഡിഫന്‍സ് നേതൃത്വത്തില്‍ തീ അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.