ഷാർജ: എമിറേറ്റിലെ അൽ നഹ്ദയിൽ താമസ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാർ. 38 നില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചു പേരാണ് മരിച്ചത്. ഇതിൽ ഇന്ത്യക്കാരായ ഒരു സ്ത്രീയും പുരുഷനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഷാർജ പൊലീസിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫിലിപ്പീൻസ്, കെനിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ച മറ്റുള്ളവർ. തീയിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കെട്ടിടത്തിൽനിന്ന് ചാടിയതിനെ തുടർന്നാണ് ഇതിൽ ഒരാൾ മരിച്ചത്. ഷാർജ സിവിൽ ഡിഫൻസും പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചാണ് താമസക്കാരെ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 156 പേരെ താൽക്കാലിക ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവരിൽ ചിലർക്ക് തിരികെ ഫ്ലാറ്റിലേക്ക് മടങ്ങാൻ ഞായറാഴ്ച അനുമതി നൽകിയതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സാരി അൽ അൽ ശംസിയാണ് അറിയിച്ചത്. ബാക്കിയുള്ളവർ ഹോട്ടലുകളിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ ഇവർക്കും തിരികെ താമസസ്ഥലത്തേക്ക് മടങ്ങാൻ അനുമതി നൽകും. വ്യാഴാഴ്ച രാത്രി 10.50നാണ് ഷാർജ പൊലീസിന്റെ ഓപറേഷൻസ് റൂമിൽ അപകട വിവരം റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് സിവിൽ ഡിഫൻസിന്റെ സഹായത്തോടെ കുടുംബങ്ങളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുമായിരുന്നു. ഫ്ലാറ്റിന് താഴെയുള്ള മാലിന്യ ശേഖരത്തിൽനിന്ന് തീ പടർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.