ദുബൈ: രാജ്യത്തെ തൊഴിൽ വിപണിയിലെ മികവിനെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ എമിറേറ്റ് ലേബർ മാർക്കറ്റ് അവാർഡിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ഇത്തവണ ആകെ പുരസ്കാര തുക അഞ്ച് കോടി ദിർഹമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുരസ്കാര തുക മൂന്നു കോടി ദിർഹമായിരുന്നു. കൂടാതെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം 84ൽ നിന്ന് 98 ആയി വർധിപ്പിക്കുകയും ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിന് കീഴിൽ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പുരസ്കാരം നൽകുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും മുൻഗണന നൽകുന്ന സംരംഭങ്ങൾ നടപ്പാക്കാൻ ബിസിനസ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. കൂടാതെ, തൊഴിൽ വിപണിയിലെ മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനൊപ്പം സ്വകാര്യ മേഖലയിലെ മികച്ച കമ്പനികളുടെയും വ്യക്തിഗത തൊഴിലാളികളുടെയും നേട്ടങ്ങളെ ആഘോഷിക്കുകയും ചെയ്യും.
തൊഴിലാളികൾക്കായി സുസ്ഥിരവും വിനോദപരവുമായ സംരംഭങ്ങൾ നടപ്പാക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണ ‘ലേബർ അക്കമഡേഷൻസ്’ എന്ന വിഭാഗത്തിന് കീഴിൽ പുതിയ ഉപവിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ, ഈദ് അവധി ദിനങ്ങളിൽ തൊഴിലാളികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ഈ വിഭാഗം ഊന്നൽ നൽകുക.
പുരസ്കാരത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ തുടർച്ചയായ പിന്തുണക്ക് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവർ നന്ദി പറഞ്ഞു. തൊഴിൽ മികവിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് മാറിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.