ദുബൈ: യമനിലും പുറത്തും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണത്തെ അപലപിച്ച് അഞ്ചംഗ രാജ്യങ്ങളുടെ കൂട്ടായ്മയുടെ യോഗം. യു.എ.ഇ, സൗദി, യു.എസ്, യു.കെ, ഒമാൻ എന്നിവയാണ് ലണ്ടനിൽ യമനിലെ സാഹചര്യം വിലയിരുത്തുന്നതിന് യോഗം ചേർന്നത്. യമനിലെ യു.എസ് പ്രതിനിധിയടക്കം പങ്കെടുത്ത യോഗത്തിലാണ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചത്. സൗദിക്കും യു.എ.ഇക്കും ആക്രമണത്തെ പ്രതിരോധിക്കുന്നതിന് അവകാശമുണ്ടെന്നും അക്കാര്യത്തിൽ എല്ലാ സഹായവും നൽകുമെന്നും യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ വ്യക്തമാക്കി.യമനിലെ യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബർഗിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾക്ക് അഞ്ച് രാജ്യങ്ങളും പിന്തുണ അറിയിക്കുകയും സംഘർഷം അവസാനിപ്പിക്കാൻ ചർച്ചക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. യമനിലെ വിവിധ വിഭാഗങ്ങളോട് യു.എൻ ശ്രമങ്ങളെ പിന്തുണക്കാൻ യോഗം ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിന് പതിവായി യോഗം ചേരാനും അഞ്ച് രാജ്യങ്ങൾ തീരുമാനിച്ചു.
ഈ മാസം 17ന് ഹൂതികൾ അബൂദബിക്കുനേരെ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം വീണ്ടും ആക്രമണ ശ്രമമുണ്ടായെങ്കിലും യു.എ.ഇ അത് തകർത്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമായ, സിവിലിയൻ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങളെ ലോകരാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.