ദുബൈ: ലോകത്തിനാകമാനം സ്നേഹം പകരാൻ 30 ലക്ഷം ഭക്ഷണപ്പൊതികളുമായി യു.എ.ഇ ഫുഡ് ബാങ്ക്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിൻത് ജുമാ ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് റമദാനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 30 ലക്ഷം ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്. ഫുഡ്ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർവിമൻ കൂടിയാണ് ശൈഖ ഹിന്ദ്. ഭക്ഷ്യമാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ബോധവത്കരണ കാമ്പയിനും ഇതിനൊപ്പം നടക്കും.
എമിറേറ്റ്സ് റെഡ് ക്രസന്റ്, ഹോട്ടലുകൾ, റസ്റ്റാറന്റ്, ഇഫ്താർ ടെന്റുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് ഭക്ഷണ വിതരണം. അർഹരായവർക്ക് ഭക്ഷണം നൽകുന്ന മാനുഷിക സംരംഭങ്ങളാണ് ലക്ഷ്യമെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയർമാന് ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. വിവിധ സ്ഥാപനങ്ങളിൽനിന്ന് സ്വരൂപിക്കുന്ന ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വിദേശത്തേക്കടക്കം അയച്ചുകൊടുക്കുകയും അർഹരിലേക്ക് എത്തിക്കുകയും ചെയ്യും. മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണത്തെ എണ്ണകളും കാർഷിക വളങ്ങളുമാക്കി മാറ്റുന്ന റീസൈക്ലിങ് പദ്ധതികളും ഫുഡ് ബാങ്കിനുണ്ട്.
വിവിധ തുറകളിലുള്ളവരില്‍ സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ‘യുവർ ഹരീസ് ഓൺ ഹരീസ്’ സംരംഭവും ഫുഡ്ബാങ്ക് നടപ്പാക്കുന്നു. റസ്റ്റാറൻറുകളിൽ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഈ പദ്ധതി.
പരമ്പരാഗത ഇമാറാത്തി വിഭവമായ ഹരീസിന്റെ ഒരു ഭാഗമെങ്കിലും എടുത്തുവെക്കാനും ഇഫ്താർ ടെന്റുകളില്‍ വിതരണം ചെയ്യാനും ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു. ഫുഡ്ബാങ്കിന്റെ മേൽനോട്ടത്തിലായിരിക്കും ഇതിനായി റസ്റ്റാറന്റുകളെ തിരഞ്ഞെടുക്കുന്നത്. നിലവാരമുള്ള ഭക്ഷണം നൽകുന്നതുവഴി ആഹാരം പാഴാക്കുന്നത് തടയാൻ കഴിയുമെന്നാണ് ഫുഡ്ബാങ്കിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം 1.1 കോടി ഭക്ഷണപ്പൊതികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുഡ്ബാങ്ക് വിതരണം ചെയ്തത്. 1079 വളന്റിയർമാരും 18 ജീവകാരുണ്യ സംഘടനകളും ഇതിനുപിന്നിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.