ഷാര്‍ജ: മോദി ഭരിക്കുന്ന ഇന്ത്യയില്‍ പാര്‍ലമെൻറില്‍ പ്രസംഗിക്കാനും മാധ്യമ പ്രവർത്തനത്തിനും സ്വാതന്ത്ര്യം നഷ്ടമായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു.
ഷാര്‍ജയില്‍ ‘സമകാലിക ഇന്ത്യയും പ്രവാസവും’എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അത് ലോക്സഭാ രേഖകളില്‍നിന്ന് നീക്കംചെയ്യുന്നതാണ് പുതിയ രീതി. ഭരണഘടന അനുശാസിക്കുന്ന നിയമംപോലും കാറ്റിൽപറത്തുകയാണ്. അദാനിക്ക് ഒരു നിയമം, സാധാരണക്കാരന് വേറെ നിയമം എന്നതിലേക്ക് മാറി. ബി.ജെ.പിക്ക് വേണ്ടി പാര്‍ട്ടിയും ചിഹ്നവും പതിച്ചുകൊടുക്കുന്ന ഏജന്‍സിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മാറി -അദ്ദേഹം കൂട്ടിച്ചേർത്തു. ഏകാധിപതികൾക്ക് ഒരു കാലം കരുതിവെച്ചിട്ടുണ്ട്. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണം അവസാനിക്കും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇതിനായി രംഗത്തിറങ്ങും.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയില്‍ നിന്നും മോചനം ഉണ്ടായേ മതിയാകൂ. ഇതിനായാണ് പോരാട്ടം -വേണുഗോപാല്‍ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രക്കുശേഷമുള്ള കോൺഗ്രസിന്റെ ‘ഹാത്ത് സെ ഹാത്ത് ജോഡോ’എന്ന കാമ്പയിൽ പ്രവാസലോകത്തെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന് വാഴശേരില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മാധ്യമപ്രവര്ത്തകന് എല്‍വിസ് ചുമ്മാറിനെ ആദരിച്ചു. എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ജാബിര്‍, വൈസ് പ്രസിഡന്റ് ടി.എ. രവീന്ദ്രന്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം, കെ.എം.സി.സി പ്രസിഡന്റ് ഡോ. പൂത്തൂര്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.