റഫാൽ പോർ വിമാനങ്ങൾ കൈമാറുന്ന ചടങ്ങ്
ദുബൈ:ഫ്രഞ്ച് നിർമിത റഫേൽ പോർവിമാനങ്ങൾ യു.എ.ഇ സ്വന്തമാക്കുന്നു. ഫ്രാൻസിലെ ഡാസൂ ഏവിയേഷനുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായി ആദ്യ ബാച്ച് ഡാസൂ റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വൈകാതെ യു.എ.ഇയിലെത്തും.
രാജ്യത്തിന്റെ പ്രതിരോധരംഗം ആധുനികവത്കരിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ പോർവിമാനങ്ങൾ എത്തുന്നത്. ആഗോളതലത്തിലും മേഖലയിലും നേരിടുന്ന പുതിയ സുരക്ഷ വെല്ലുവിളികളെ നേരിടാൻ കരുത്തുറ്റതാണ് ഇതിലെ സംവിധാനങ്ങളെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫദൽ അർ മസ്റൂഈ, ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലകോണു തുടങ്ങിയവർ പോർവിമാനങ്ങൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.
പുതിയ വിമാനങ്ങൾ ഉപയോഗിക്കുന്നതിന് പൈലറ്റുമാർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് സമഗ്ര പരിശീലനം നൽകുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്.
സൈനിക നിരീക്ഷണം, കടലിലും കരയിലും ശത്രുക്കൾക്കെതിരെ കൃത്യമായ ആക്രമണം തുടങ്ങി ഒന്നിലധികം ദൗത്യങ്ങൾ നടപ്പാക്കാൻ പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യകളാണ് റഫാൽ വിമാനങ്ങളിൽ സജ്ജമാക്കിയിരിക്കുന്നതെന്നും പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫദൽ അർ മസ്റൂഈ പറഞ്ഞു.
ഫ്രഞ്ച് പോർ വിമാനങ്ങൾ യു.എ.ഇയുടെ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാൻ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക വ്യാപകമായി സൈനിക നീക്കങ്ങളിൽ റഫാൽ പോർവിമാനങ്ങൾ കാര്യക്ഷമത തെളിയിച്ചിട്ടുണ്ടെന്ന് യു.എ.ഇ വ്യോമസേന, വ്യോമ പ്രതിരോധസേന ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ പൈലറ്റ് മുഹമ്മദ് സലിം അലി അൽ ഹമേലി പറഞ്ഞു.
80 പോർ വിമാനങ്ങൾ വാങ്ങാൻ 1660 കോടി യൂറോയുടെ കരാറാണ് ഫ്രാൻസുമായി യു.എ.ഇ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.