'കേരളത്തിലെ മീനിന് വിസ കിട്ടി'. ആറ് വർഷം മുൻപ് യു.എ.ഇയിലെ മലയാള പത്രങ്ങളിൽ നിറഞ്ഞുനിന്ന പരസ്യവാചകമായിരുന്നു ഇത്. ഈ 'വിസ'യുടെ ബലത്തിൽ കേരളത്തിൽ നിന്ന് ആഴ്ചതോറും വിമാനത്തിലേറി യു.എ.ഇയിലെത്തുന്നത് 8000-10000 കിലോ മീനാണ്. വിസയെടുത്തു കൊടുത്തതും ഇവിടെയെത്തിക്കുന്നതുമെല്ലാം രണ്ട് മലയാളികളാണ്. എടപ്പാൾ സ്വദേശി ഷാൻ കടവിലും ചേർത്തല സ്വദേശി മാത്യു ജോസഫും. 2015ൽ ഓൺലൈൻ മീൻ വിൽപനയുമായെത്തി
ഭക്ഷ്യോൽപന്ന മേഖലയിൽ സ്വന്തം പേരെഴുതിചേർത്തവരാണ് 'ഫ്രഷ് ടു ഹോമും' അതിന്റെ സാരഥികളായ മാത്യുവും ഷാനും. ഫ്രഷ് ടു ഹോമിന്റെ തുടക്കവും വളർച്ചയും ഭാവി പദ്ധതികളും യു.എ.ഇ നൽകിയ സഹായങ്ങളുമെല്ലാം ഷാനും മാത്യുവും
പങ്കുവെക്കുന്നു...
ചേരേണ്ടവർ ചേരുമ്പോൾ ചരിത്രം പിറക്കുമെന്നല്ലേ. അങ്ങിനെയുള്ള രണ്ട് പേരുടെ അപ്രതീക്ഷിത കൂടിച്ചേരലാണ് ഫ്രഷ് ടു ഹോം എന്ന സ്റ്റാർട്ടപ്പിന്റെ പിറവിയിലെത്തിയത്. ഷാനും മാത്യവും തമ്മിലുടെ പങ്കാളിത്തം മാത്രമായിരുന്നില്ല, ടെക്നോളജിയും ബിസിനസും തമ്മിലുള്ള കൂടിച്ചേരൽ കൂടിയായിരുന്നു ഇത്.
ദുബൈയിൽ പച്ച മീനിന് നല്ല മാർക്കറ്റാണെന്നറിഞ്ഞ് കടം മേടിച്ച കാശുമായി രണ്ട് പതിറ്റാണ്ട്മുൻപേ വിമാനം കയറിയയാളാണ് മാത്യു. ഇവിടെയെത്തിയപ്പോഴാണറിയുന്നത് 65 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യം ഇവിടേക്ക് എത്തുന്നുണ്ടെന്ന്. പക്ഷെ, ഇന്ത്യയിൽ ബോംബെയിൽ നിന്നും മദ്രാസിൽ നിന്നും വലപ്പോഴും മാത്രമാണ് മീനെത്തിയിരുന്നത്. ആ സാധ്യത മുന്നിൽകണ്ടാണ് 2000ൽ പച്ചമീനിന്റെ ഓർഡർ പിടിച്ച് നാട്ടിലേക്ക് മടങ്ങിയത്. അന്ന് തുടങ്ങിയ ബിസിനസ് സൗദി, ആസ്ട്രേലിയ, തായ്പേയ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും പടർന്നു. എന്നാൽ, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മാത്യുവിനെയും പതുക്കെ ബാധിച്ച് തുടങ്ങി. കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചപ്പോൾ ഒരിക്കൽ ഭാര്യയാണ് ഇന്ത്യയിൽ തന്നെ വ്യാപാരം നടത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചത്. അങ്ങിനെയാണ് ഇന്ത്യൻ മാർക്കറ്റിൽ ഇറങ്ങിയതും 2012ൽ സീ ടു ഹോം എന്ന കമ്പനി തുടങ്ങിയതും. പച്ചമീൻ ഓൺലൈനായി വിൽക്കുകയായിരുന്നു ലക്ഷ്യം.
അങ്ങിനെയാണ് പച്ചമീനിനെ ആദ്യമായി ഓൺലൈനിലെത്തിച്ചതിന്റെ ക്രെഡിറ്റ് മാത്യുവിന്റെ പേരിൽ എഴുതിചേർക്കപ്പെട്ടത്. വമ്പൻ കച്ചവടമായിരുന്നെങ്കിലും ടെക്നോളജിയെ കുറിച്ച് വലിയ ധാരണയില്ലാതെ വന്നതോടെ രണ്ട് വർഷത്തിന് ശേഷം അത് പൂട്ടേണ്ടി വന്നു. ഈ സമയത്ത് ഐ.ടി വിദഗ്ദനും ynga.comന്‍റെ ഇന്ത്യയിലെ സി.ഇ.ഒയും അമേരിക്കൻ ബിസിനസ് മേഖലയിൽ പരിചയ സമ്പത്തുമുള്ള ഷാൻ കടവിൽ വിളിക്കുന്നത്. ബംഗളൂരുവിൽ സി ടു ഹോമിന്റെ സ്ഥിരം കസ്റ്റമറായിരുന്നു ഷാൻ. ഷാനിന്റെ ഈ ഫോൺ കോളാണ് ഫ്രഷ് ടു ഹോം എന്ന, ഇന്ന് 450 കോടി രൂപ വരുമാനമുള്ള സ്ഥാപനത്തിന് നാമ്പിട്ടത്.
മാത്യു ബിസിനസിനായാണ് യു.എ.ഇയിൽ എത്തിയതെങ്കിൽ ഷാൻ പഠിച്ചതും വളർന്നതുമെല്ലാം യു.എ.ഇയിലാണ്. നാല് മുതൽ 12 വരെ യു.എ.ഇയിലായിരുന്നു. പിന്നീട് യു.എസ് ഉൾപെടെയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി. അതുകൊണ്ട് തന്നെ, പ്രവാസികളുടെ നൊസ്റ്റാൾജിയ നന്നായി അറിയാവുന്നവരാണ് ഇരുവരും. ഈ ഇമോഷൻ എങ്ങിനെ ബിസിനസിൽ ഉപയോഗിക്കാം എന്ന ചിന്തയിൽ നിന്നാണ് മീനിന് 'വിസ' എടുക്കുന്നത്. ഇന്ത്യയിൽ നിന്നുൾപെടെ മീനുകൾ യു.എ.ഇയിൽ എത്തുന്നുണ്ടെങ്കിലും എല്ലാത്തരം മത്സ്യവും എത്തിയിരുന്നില്ല. ചെറിയ മാന്തൽ, കല്ലുമ്മക്കായ, മത്തി, ബീഫ് ഫ്രൈ ഇതൊക്കെ കിട്ടുന്നത് നാട്ടിൽ പോയി വരുമ്പോഴാണ്. ഇതെല്ലാം ഫ്രഷായി ഇവിടെ മണിക്കൂറുകൾക്കുള്ളിൽ എങ്ങിനെ എത്തിക്കാം എന്നതായിരുന്നു ചിന്ത. കൊച്ചിമുതൽ തലശേരി വരെയുള്ള സെപ്ല ചെയിൻ വഴി ലഭിക്കുന്ന മീനുകൾ എങ്ങിനെ 24 മണിക്കൂറിനുള്ളിൽ യു.എ.ഇയിൽ എത്തിക്കാമെന്നതായിരുന്നു ആലോചന. ഇതിന്റെ വിജയമാണ് ഇന്ന് കാണുന്ന ഫ്രഷ് ടു ഹോം.
കേരളത്തിലെ കടലിൽ നിന്ന് പിടിക്കുന്ന മീൻ 24 മണിക്കൂർ േപാലും തികയുന്നതിന് മുൻപ് യു.എ.ഇയിലെ അടുക്കളകളിൽ എത്തുന്നുണ്ട്. കൊച്ചിയിൽ വൈകുന്നേരം നാല് മണിക്ക് പിടിക്കുന്ന മീൻ ഏഴിന് കലക്ഷൻ സെന്‍ററിൽ എത്തും. രാത്രി 11ന് വിമാനത്തിൽ കയറ്റിയാൽ പുലർച്ച നാലിന് ദുബൈയിൽ എത്തും. അവിടെ നിന്ന് ഉമ്മുൽഖുവൈനിലെ ഫാക്ടറിയിൽ പ്രോസസ് ചെയ്ത ശേഷം മണിക്കൂറുകൾക്കുള്ളിൽ വീടകങ്ങളിലെത്തും. ചില മീനുകൾ ഇവിടെ തന്നെ ലഭിക്കുമെങ്കിലും കല്ലുമ്മക്കായ്, പള്ളത്തി, മാന്തൽ, കരിമീൻ പോലുള്ളവയെല്ലാം നാട്ടിൽ നിന്ന് തന്നെ വരണം. അതാണ് ഫ്രഷ് ടു ഹോമിന്റെ ബ്രാൻഡിനെ വളർത്തിയതും. നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കാൻ കഴിയുന്നതിനാൽ കെമിക്കൽ ചേർക്കാത്ത മീൻ തീൻ മേശകളിലെത്തുന്നുണ്ട്.
മത്സ്യമാണ് മുഖ്യമെങ്കിലും ചിക്കനും ബീഫും മട്ടനും ഒട്ടകവും പച്ചക്കറിയുമെല്ലാം ഫ്രഷ് ടു ഹോം വഴി ഇപ്പോൾ വീടുകളിൽ എത്തുന്നുണ്ട്. 2020ൽ ഒരുമാസം പത്ത് ലക്ഷം ഓർഡറായിരുന്നു ലഭിച്ചതെങ്കിൽ 2021ൽ അത് 25 ലക്ഷമായി ഉയർന്നു. അത് തങ്ങളുടെ മേലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
1957 മുതലുള്ള കണക്ക് നോക്കിയാൽ അക്വകൾച്ചറാണ് ദിനംപ്രതി ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തുന്ന ഫുഡ് പ്രൊഡക്ഷനെന്ന് മാത്യു പറയുന്നു. ഇന്ത്യയിലെ ആകെ മത്സ്യ ഉദ്പാദനം 13 മില്യൺ മെട്രിക് ടണാണ്. അതിൽ 10 മില്യൺ മെട്രിക് ടൺ അക്വ കൾച്ചറാണ്. കേരളത്തിൽ നിന്ന് ഏകദേശം 25,000 ടൺ മാത്രമാണ് അക്വാ കൾച്ചറിലൂടെ വരുന്നത്. ഇന്ത്യയിൽ ഭൂരിഭാഗവും ആന്ദ്ര, ഒറീസ, മഹാരാഷ്ട്ര എന്നിടങ്ങളിൽ നിന്നാണ്.
ആലപ്പുഴയിലെ അമ്പലപ്പുഴ മുതൽ തോട്ടപ്പള്ളി വരെ 40 ഏക്കറിലാണ് ഫ്രഷ് ടു ഹോമിന്റെ മേൽനോട്ടത്തി അക്വ കൾച്ചർ കൃഷി ചെയ്യുന്നത്. മേൽനോട്ടം വഹിക്കുന്നതും സഹായമെത്തിക്കുന്നതും ഫ്രഷ് ടു ഹോമാണെങ്കിലും കൃഷി ചെയ്യുന്നത് പത്ത് കർഷകരാണ്. അടിസ്ഥാന നിക്ഷേപവും സാേങ്കതിക വിദ്യയും മത്സ്യക്കുഞ്ഞും മാർക്കറ്റ് വിലയുടെ ഉറപ്പും ഫ്രഷ് ടു ഹോം നൽകും. 'നാനോ ഫാമിങ്' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതുവഴി നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിനാളുകൾക്ക് ജോലി നൽകാൻ കഴിയുന്നുണ്ട്. ലോകത്ത് മത്സ്യലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അക്വ കൾച്ചറിന്റെ പ്രാധാന്യം വർധിച്ചുവരുന്നുവെന്നാണ് ഷാൻ പറയുന്നത്. ട്രോളിങ് സമയത്ത് മത്സ്യതൊഴിലാളികൾക്ക് ആശ്വാസമാണ് അക്വ കൾച്ചർ. ഇടനിലക്കാരുടെ ഇടപാടില്ലാത്തതിനാൽ മത്സ്യതൊഴിലാളികൾക്ക് കൂടുതൽ വില നൽകാനും ഫ്രഷ് ടു േഹാമിന് കഴിയുന്നുണ്ട്. 1500 തൊഴിലാളികളിൽ നിന്ന് നേരിട്ട് മത്സ്യം ഏറ്റെടുക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കും തുടങ്ങാവുന്ന സംരംഭമാണ് അക്വ കൾച്ചർ. ആരിൽ നിന്നും മീൻ സ്വീകരിക്കാൻ തയാറാണെന്ന് ഫ്രഷ് ടു ഹോമും ഉറപ്പുനൽകുന്നു.
തങ്ങളുടെ എല്ലാമെല്ലാമായ മത്സ്യതൊഴിലാളികൾക്ക് സഹായവുമായി ഇവർ എപ്പോഴും ഒപ്പമുണ്ട്. ചെല്ലാനത്തും മുനമ്പത്തും അർത്തുങ്കലും ചെത്തിയിലുമെല്ലാം കോവിഡ് സമയത്തും കടലാക്രമണ സമയത്തും ഫ്രഷ് ടു ഹോമിന്റെ സഹായഹസ്തം എത്തിയിരുന്നു.
യു.എ.ഇയുടെ മിഷൻ 2030ലെ പ്രധാന അജണ്ടയാണ് അക്വകൾച്ചർ. ഇത് മുന്നിൽ കണ്ട് അബൂദബി സർക്കാർ തയാറാക്കിയ അക്വകൾച്ചർ പദ്ധതിയിലെ മുഖ്യ പങ്കാളിയാണ് ഫ്രഷ് ടു ഹോം. ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ പരിപാടികളിലും ഫ്രഷ് ടു ഹോമിെനയും അവർ പ്രൊമോട്ട് ചെയ്യുന്നത് അഭിമാനകരമാണെന്ന് മാത്യുവും ഷാനും പറയുന്നു.
അബൂദബി സർക്കാരിന്റെ 'ഗോയിങ് ദ ഡസർട്ട് ഗ്രീൻ' പദ്ധതിയുടെ പ്രധാന പങ്കാളിയാണ് ഫ്രഷ് ടു ഹോം. അക്വകൾച്ചറിനായി ഹാച്ചറികൾ, ഫീഡ് മിൽസ് പോലുള്ളവയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന വലിയ പ്രോജക്ടാണ് നടപ്പാക്കുന്നത്. 2000 ടണിന്റെ വലിയ ഫിഷ് ഫാമാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ഫ്രഷ് ടു ഹോമിന്റെ ഗവേഷണങ്ങളെല്ലാം ഇവിടെയും നടപ്പാക്കും. ഭക്ഷ്യ സുരക്ഷക്ക് മുഖ്യപ്രാധാന്യം നൽകുന്ന യു.എ.ഇയുടെ ഭക്ഷ്യസുരക്ഷയെ മാറ്റിയെഴുതാൻ കഴിയുന്ന പ്രോജക്ടാണിത്.
100 ശതമാനം വിദേശ നിക്ഷേപം എന്ന നിയമം വന്നപ്പോൾ അത് നടപ്പിലാക്കിയ ആദ്യ സ്ഥാപനങ്ങളിൽ ഒന്നാണ് ഫ്രഷ് ടു ഹോം. നടപടികളെല്ലാം അതിവേഗത്തിലാക്കുന്നു എന്നതാണ് യു.എ.ഇയുടെ ഏറ്റവും വലിയ ഗുണം. അക്വകൾച്ചറിനായി അപേക്ഷിച്ച സമയത്ത് സർക്കാർ വകുപ്പുകളിൽ അങ്ങിനൊരു കോഡ് ഉണ്ടായിരുന്നില്ല. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ അക്വ കൾച്ചറിന്റെ കോഡ് യാഥാർഥ്യമാക്കി. ഈ നാട്ടിലേ ഇത് നടക്കൂ എന്ന് ഷാൻ പറയുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് പോലുള്ളവയുടെ ഉപയോഗവും യു.എ.ഇയിൽ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയും. രാജ്യത്തിന്റെ ജി.ഡി.പിയെ പോലും മാറ്റിമറിക്കുന്ന രീതിയിൽ അക്വ കൾച്ചർ വളരുമെന്നാണ് ഇരുവരുടെയും കണക്ക് കൂട്ടൽ. ഇതിനായി മന്ത്രാലയവും വകുപ്പുമെല്ലാം യു.എ.ഇയിലുണ്ട്.
സർക്കാരുമായി ബന്ധപ്പെട്ട ഇ ^ കൊമേഴ്സ് കമ്പനികൾ ഫ്രഷ് ടു ഹോമിൽ വൻതോതിൽ നിക്ഷേപമിറക്കിയിട്ടുണ്ട്. ഇതും വലിയ പിന്തുണയാണ്. അൽഗുറൈർ ഗ്രൂപ്പിന്‍റെ അബ്ദുൽ അസീസ് അൽ ഗുറൈർ, ഷാർജയിലെ ക്രസൻറ് പെട്രോളിയം ഗ്രൂപ്പിന്‍റെ വെൻച്വർ, ഐ.സി.ഡി എന്ന ദുബൈയിലെ സോവറിൻ ഫണ്ട്, അബൂദബിയിലെ എ.ഡി.ക്യൂ തുടങ്ങിയവയെല്ലാം ഫ്രഷ് ടു ഹോമിൽ വൻതോതിൽ നിക്ഷേപമിറക്കിയിട്ടുണ്ട്.
ലോക്ഡൗൺ സമയത്ത് കാർഗോ വിമാനങ്ങൾക്ക് വിലക്കേർപെടുത്താതിരുന്ന യു.എ.ഇയുടെ നയം ഇവിടെയുള്ള ഭക്ഷ്യമേഖലക്കും മുറികളിൽ കുടുങ്ങിയ പ്രവാസികൾക്കും വലിയ ഗുണം ചെയ്തിരുന്നു. മറ്റ് സ്ഥാപനങ്ങളെല്ലാം അടച്ചിട്ടപ്പോഴും ഭക്ഷണത്തിന് തടസം നേരിടരുത് എന്നതായിരുന്നു യു.എ.ഇയുടെ നയം.
ആദ്യ ലോക്ഡൗണിന്റെ സമയത്ത് ഫ്രഷ് ടു ഹോമിന് ഓരോ ദിവസവും ഓർഡറുകൾ കുറഞ്ഞുവന്നു. ഡെലിവറി ബോയ്സിന്റെ എണ്ണവും കുറഞ്ഞു വന്നു. സംഭവം അന്വേഷിച്ചപ്പോൾ ആശങ്കയാണ് പ്രധാന കാരണമെന്ന് മനസിലാക്കി. ഡെലിവറി ബോയ്സിനെ ഉപഭോക്താക്കൾക്കും അവർക്ക് തിരിച്ചും ഭയമായിരുന്നു. അങ്ങിനെയാണ് കോൺടാക്ട്ലെസ് ഡെലിവറി എന്ന സംവിധാനത്തെ കുറിച്ച് ആലോചിച്ചത്. ഡെലിവറി ബോയ്സ് വീട്ടുവാതിക്കൽ എത്തി കൈമുട്ട് ഉപയോഗിച്ച് ബെൽ അടിക്കും. ശേഷം മാറി നിൽക്കും. അപ്പോഴും മറ്റൊരു പ്രതിസന്ധിയുണ്ടായിരുന്നു. 35 ശതമാനവും കാഷ് ഓൺ ഡെലിവറിയായിരുന്നു. എന്നാൽ, ഓൺലൈനിൽ പണമടക്കുന്നവരുടെ ഓർഡറുകൾ മാത്രം സ്വീകരിച്ചാൽ മതി എന്ന തീരുമാനം ഫ്രഷ് ടു ഹോം എടുക്കുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പ്രശ്നമായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും ഓൺലൈൻ പേമെന്‍റിലേക്ക് മാറി.
കോവിഡ് കാലത്ത് ഏറ്റവുമധികം വളർച്ച നേടിയ കമ്പനികളിൽ ഒന്നാണ് ഫ്രഷ് ടു ഹോം. ആ സമയത്ത് കമ്പനിക്കൊപ്പം പ്രവർത്തിച്ചവർക്ക് ഹീറോ ബോണസ് നൽകി. കമ്പനിയുടെ ഉള്ളിലുള്ളവർക്ക് ശമ്പളത്തിന്റെ 25 ശതമാനും പുറത്തുപോയി ജോലി ചെയ്തവർക്ക് 50 ശതമാനവുമാണ് ബോണസ് നൽകിയത്. മറ്റ് കമ്പനികൾ സാലറി കുറച്ചപ്പോൾ ശമ്പള വർധനവ് നടപ്പാക്കിയും ഫ്രഷ് ടു ഹോം മാതൃക കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.