ഫുജൈറ: ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും മുംബൈയിലേക്കും ഫുജൈറയിലേക്കും മേയ് 15 മുതൽ ഇൻഡിഗോ സർവിസ് ആരംഭിക്കുന്നു. ഇതോടെ ഫുജൈറ, ഇൻഡിഗോയുടെ യു.എ.ഇയിൽ നിന്നുള്ള അഞ്ചാമത്തെ ഗതാഗതകേന്ദ്രവും ആഗോള തലത്തിൽ ഇൻഡിഗോയുടെ 41ാം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവുമായി. വിമാന സർവിസുകളോടൊപ്പം, ദുബൈ, ഷാർജ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെനിന്നും ബസ് സർവിസുകളും ഇൻഡിഗോ ഒരുക്കുന്നുണ്ട്.
പ്രവാസികളടക്കം ഇന്ത്യയിൽനിന്ന് യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ സർവിസുകൾ. വാണിജ്യത്തിലും ടൂറിസത്തിലുമുള്ള ഗൾഫ് മേഖലയുടെ പ്രാധാന്യം വർധിപ്പിക്കുകയാണ് സർവിസിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് തലവൻ വിനയ് മൽഹോത്ര പറഞ്ഞു. ഇന്ത്യയും ഗൾഫും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും. ഇൻഡിഗോ ഇതിനകം അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ എന്നീ യു.എ.ഇ നഗരങ്ങളിലേക്ക് സർവിസുകൾ നടത്തുന്നുണ്ട്.
ഫുജൈറയിൽനിന്നും 2023ൽ ഒമാന്റെ ബജറ്റ് എയർവേസായ സലാം എയർ മസ്കത്ത് വഴി കണക്ഷൻ സർവിസ് കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സർവിസ് ആരംഭിച്ചിരുന്നു. ഇത് കഴിഞ്ഞ വർഷം ചില സങ്കേതിക കാരണങ്ങളാൽ നിർത്തലാക്കുകയായിരുന്നു. ഫുജൈറയിലുള്ളവർ ഷാര്‍ജ, ദുബൈ വിമാനത്താവളങ്ങളെയാണ് നാട്ടിലേക്ക് പോകാൻ ഉപയോഗപ്പെടുത്തിയിരുന്നത്. ഇൻഡിഗോ സർവിസ് തുടങ്ങുന്നതോടെ ഫുജൈറയിലും സമീപ പ്രദേശങ്ങളിലുമുള്ളവർ വലിയ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.