ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025ലേക്ക് നാമനിർദേശങ്ങൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടര ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക. ലോകമൊട്ടുക്കുമുള്ള നഴ്സുമാർക്ക് അപേക്ഷ സമർപിക്കാം. രോഗി പരിചരണം, നഴ്സിങ് നേതൃശേഷി, നഴ്സിങ് വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യപരിരക്ഷാ ഗവേഷണ ഇന്നൊവേഷൻ- സംരംഭകത്വം എന്നീ മേഖലകളിലെ അസാധാരണ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. തങ്ങളുടെ പതിവ് ചുമതലകൾക്കുമപ്പുറത്ത് സേവനങ്ങളെ വിപുലപ്പെടുത്തുകയും അത് രോഗികളിലും സമൂഹത്തിലും വലിയ സ്വാധീനം സൃഷ്ടിക്കുന്നതാകുകയും വേണം.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ ക്രമപ്രവൃദ്ധമായ വളർച്ചയും വിജയവും നൽകുന്ന ആവേശവും സന്തോഷവും ഡോ. ആസാദ് മൂപ്പൻ പങ്കുവെക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘‘ലോകം മുഴുക്കെ പടർന്നുനിൽക്കുന്ന നഴ്സുമാർക്ക് നൽകുന്ന അതിവിശിഷ്ട പുരസ്കാരമായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. അതിന്റെ ഓരോ എഡീഷനും പകർന്നുനൽകുന്നത് ചെറുത്തുനിൽപിന്റെയും നവീകരണത്തിന്റെയും പരിചരണത്തിന്റെയും അത്യസാധാരണമായ കഥകളാണ്. അവർ നൽകുന്ന സൂര്യതേജസ്സുള്ള സംഭാവനകളെ ആദരിക്കുന്നത് തുടരാൻ അവ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഈ വേദി വഴി, ആരോഗ്യ പരിരക്ഷ രംഗത്ത് അമൂല്യമായ അവരുടെ സംഭാവനകളുടെ പേരിൽ നഴ്സുമാരെ ശാക്തീകരിക്കുക മാത്രമല്ല നാം ചെയ്യുന്നത്. രോഗി പരിചരണത്തിലും നേതൃശേഷിയിലും നവീകരണത്തിലും പുതു ഉയരങ്ങൾ എത്തിപ്പിടിക്കാൻ വരുംതലമുറയെ പ്രചോദിപ്പിക്കുക കൂടിയാണ്. നഴ്സുമാരുടെ ശബ്ദങ്ങൾക്കായി നിലയുറപ്പിക്കുന്നത് തുടരുന്നതിലും അവരുടെ സമർപണം ആഘോഷിക്കുന്നതിലും അതുവഴി ഭാവി നേതൃത്വത്തിന് മാർഗം തെളിക്കുന്നതിലും ഞങ്ങൾ അഭിമാനിക്കുന്നു’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.