സുസ്ഥിര ഊര്‍ജഭാവി ഒപെക് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും -മന്ത്രി

അബൂദബി: സുസ്ഥിര ഊര്‍ജഭാവിക്കുവേണ്ടി ദീര്‍ഘകാലപദ്ധതികള്‍ തയാറാക്കേണ്ടതിന്‍റെ അനിവാര്യത ലോകത്തെ ഓര്‍മിപ്പിച്ച് യു.എ.ഇ ഊര്‍ജ, അടിസ്ഥാനവികസന മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയി.

ഇന്ധനവിപണി സ്ഥായിയായി നിര്‍ത്തുന്നതിന് ഒപെക് രാജ്യങ്ങളുമായി യു.എ.ഇ സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സ്‌പോ 2020 വേദിയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ ഒപെക് പ്ലസ് സംഘടന വിടില്ലെന്നും ഇന്ധന ഉൽപാദനം സംബന്ധിച്ച് ഏകപക്ഷീയ നടപടി കൈക്കൊള്ളില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാചകവാതക വില പെട്ടെന്ന് കുതിച്ചുയരുകയും ഇത് നിരവധി രാജ്യങ്ങള്‍ക്ക് താങ്ങാന്‍ കഴിയാതെ വരുകയും ചെയ്തു. വിഭവ വികസനമില്ലാതെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ല. 50 ലക്ഷം ബാരല്‍ ഉല്‍പാദനശേഷി കൈവരിക്കാന്‍ യു.എ.ഇ നിക്ഷേപം നടത്തിവരുകയാണ്.

കാലത്തിന്‍റെ ആവശ്യകത കണക്കാക്കി ഉല്‍പാദനം കൂട്ടാന്‍ നിക്ഷേപം ഇറക്കുമ്പോഴാണ് പലരും ഇങ്ങനെ ചെയ്യരുതെന്ന് പറയുന്നത്. എന്നാല്‍, അതിനര്‍ഥം തങ്ങള്‍ ഒപെക് വിടുന്നുവെന്നല്ല.

വിപണി സ്ഥായിയായി നിലനിര്‍ത്തുന്നതിന് ഒപെകുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. കോവിഡ് പ്രതിസന്ധി എണ്ണവിപണിയില്‍ സൃഷ്ടിച്ച ആഘാതത്തില്‍ കരകയറുന്നതിനിടെയാണ് ഇപ്പോള്‍ മറ്റൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ഒപെക്കില്‍ രാഷ്ട്രീയം അനുവദിക്കരുതെന്നും ഉല്‍പാദനം മാത്രമായിരിക്കണം ഒപെകിന്‍റെ ലക്ഷ്യമെന്നും അതിനാല്‍ രാഷ്ട്രീയത്തില്‍ വിട്ടുനില്‍ക്കണമെന്നും യു.എ.ഇ മന്ത്രി ആവശ്യപ്പെട്ടു. റഷ്യ ഒപെക് പ്ലസിലെ സുപ്രധാന അംഗമാണ്.

രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ ഒരു കോടി ബാരല്‍ ക്രൂഡോയില്‍ നല്‍കാന്‍ ഏതു രാജ്യത്തിനാണ് കഴിയുക. ആരും റഷ്യക്ക് പകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Future Sustainable Energy will work with OPEC countries-Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.