ദുബൈ: ഗസ്സയിലെ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി യു.എ.ഇ അയച്ച ഫ്ലോട്ടിങ് ആശുപത്രിയിൽ ചികിത്സ തുടങ്ങി. ദിവസങ്ങൾക്കു മുമ്പ് ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് എത്തിയ കപ്പലിൽ ഞായറാഴ്ച മുതലാണ് പരിക്കേറ്റവരെയും മറ്റു അസുഖബാധിതരെയും പ്രവേശിപ്പിച്ചു തുടങ്ങിയത്. ഫലസ്തീനികൾക്ക് സഹായമെത്തിക്കാനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 സംരംഭത്തിന്റെ ഭാഗമായാണ് ഫ്ലോട്ടിങ് ആശുപത്രി സജ്ജമാക്കിയത്.
വെടിയേറ്റ മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 20കാരന് ഞായറാഴ്ച ശസ്ത്രക്രിയ നടത്തി. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി. പരിക്ക് കാരണമായി ഇയാളുടെ കൈ മുഴുവൻ ചലനരഹിതമായിരുന്നു. പരിക്ക് പൂർണമായി പരിഹരിക്കാൻ വൈകാതെ ഫോളോ-അപ് ഓപറേഷൻ ആവശ്യമായി വരുമെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
അബൂദബി ആരോഗ്യവകുപ്പും എ.ഡി പോർട്ട് ഗ്രൂപ്പും സഹകരിച്ച് സ്ഥാപിച്ച ആശുപത്രിയിൽ നഴ്സുമാർക്ക് പുറമെ അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്, എമർജൻസി മെഡിസിൻ തുടങ്ങി വിവിധ സ്പെഷാലിറ്റികളിൽ നിന്നുള്ള 100 പേരടങ്ങുന്ന മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫാണുള്ളത്. കിടത്തി ചികിത്സ നൽകാൻ 100 കിടക്കകളാണ് ആശുപത്രിയിൽ സജ്ജമാക്കിയത്. കൂടാതെ ഓപറേഷന് റൂമുകള്‍, തീവ്രപരിചരണ സൗകര്യങ്ങള്‍, ലബോറട്ടറി, ഫാര്‍മസി, മെഡിക്കല്‍ വെയര്‍ഹൗസുകള്‍ എന്നിവയും സജ്ജമാണ്.
ഹെല്‍ത്ത് കെയര്‍ ടീമില്‍ അനസ്തേഷ്യ, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, നഴ്സിങ്, എമര്‍ജന്‍സി കെയര്‍ എന്നിവയുള്‍പ്പെടെ സ്പെഷാലിറ്റികളും ഒരുക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഹെലിപാഡ്, മറൈൻ ബോട്ട് എന്നിവയും കപ്പലിനോടനുബന്ധിച്ച് സംവിധാനിച്ചിട്ടുണ്ട്.
ഗസ്സയിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ യു.എ.ഇ ഫീൽഡ് ആശുപത്രി നിർമിച്ചിരുന്നു. 200 കിടക്കകളുള്ള ആശുപത്രിയിൽ ആയിരക്കണക്കിന് പേർക്കാണ് ചികിത്സ ലഭ്യമാക്കിയത്.
കൂടാതെ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ അബൂദബിയിലെ ആശുപത്രികളിലെത്തിച്ചും ചികിത്സിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ഷെൽട്ടറുകൾ, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ മറ്റ് വസ്തുക്കൾ എന്നിവയും തുടർച്ചയായി യു.എ.ഇ ഗസ്സയിലേക്ക് അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.