ഷാർജ: ഗോ ഫസ്റ്റ് സർവിസുകൾ താൽക്കാലികമായി നിർത്തലാക്കിയതോടെ പ്രതിസന്ധിയിലായി നിരവധി പ്രവാസികൾ. സർവിസ് എന്ന് പുനരാരംഭിക്കുമെന്ന് ധാരണ ഇല്ലാത്തതും വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടിയില്ലാത്തതുമാണ് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരെ വലക്കുന്നത്. റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ നൽകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സർവിസ് പുനരാരംഭിക്കുമ്പോൾ ആ തുക ഉപയോഗിച്ച് ടിക്കറ്റ് എടുക്കാമെന്നാണ് ഇപ്പോൾ ഏജൻസികളിൽനിന്ന് ലഭിക്കുന്ന വിവരം.
മേയ് മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലെ ഗോ ഫസ്റ്റ് സർവിസുകൾ റദ്ദാക്കിയെന്നായിരുന്നു ആദ്യം എയർലൈൻ അധികൃതർ നൽകിയ അറിയിപ്പ്. എന്നാൽ, ഗോ ഫസ്റ്റ് സർവിസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സർവിസുകൾ എന്ന് പുനരാരംഭിക്കുമെന്ന് പറയാനാകില്ല എന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ ഗോ ഫസ്റ്റ് അറിയിച്ചിരിക്കുന്നത്.
താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റായതിനാലും തിരക്ക് കുറഞ്ഞ സമയങ്ങളിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാൻ സൗകര്യം ഏർപ്പെടുത്തിയതിനാലും നിരവധി പേരാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടി ഗോ ഫസ്റ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ വേനലവധിയും അടുത്ത് വരുന്നതോടെ ആ സമയത്ത് ഉണ്ടാകുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് മുന്നിൽക്കണ്ട് പലരും നേരത്തേ തന്നെ ഗോ ഫസ്റ്റിൽ ടിക്കറ്റെടുത്തിരുന്നു. റദ്ദാക്കിയ സർവിസുകളിൽ ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന് വിമാന കമ്പനി അറിയിച്ചിരുന്നുവെങ്കിലും പലർക്കും തുക ലഭിച്ചിട്ടില്ല. അവധിക്കാലത്ത് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് എടുക്കുകയാണെങ്കിൽ ഉയർന്ന തുക നൽകേണ്ടിവരും ഇപ്പോൾ. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലാണ് ഈ സർവിസുകൾ ഉണ്ടാകില്ല എന്ന് അറിയുന്നതെങ്കിൽ തിരക്ക് കാരണം പലർക്കും ടിക്കറ്റ് ലഭ്യമാകാതെയും വരും.
സ്വകാര്യ ട്രാവൽ ഏജൻസിയുടെ സൈറ്റ് മുഖേന മേയ് ഒമ്പതിന് കൊച്ചിയിൽനിന്ന് അബൂദബിയിലേക്ക് ഗോ ഫസ്റ്റിന്റെ ടിക്കറ്റ് എടുത്ത കുടുംബത്തിന്, സർവിസ് റദ്ദാക്കിയതിനാൽ യാത്ര മുടങ്ങുകയും മറ്റൊരു വിമാനത്തിന്റെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവരുകയും ചെയ്തു. ഗോ ഫസ്റ്റ് ടിക്കറ്റിന് നൽകിയതിന്റെ ഇരട്ടി തുക നൽകിയാണ് പുതിയ ടിക്കറ്റെടുത്തത്. റദ്ദാക്കിയ ടിക്കറ്റ് തുകക്കുവേണ്ടി കമ്പനിയുമായി ബന്ധപ്പെടുമ്പോൾ മൂന്ന് ദിവസത്തിനകം തുക തിരികെ നൽകുമെന്നും ട്രാവൽ ഏജൻസിയെ ബന്ധപ്പെടാനുമാണ് അറിയിക്കുന്നത്. എന്നാൽ, ട്രാവൽ ഏജൻസിയിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന മറുപടി ടിക്കറ്റ് തുക ക്രെഡിറ്റ് ഷെൽ ആക്കി മാറ്റിയിട്ടുണ്ടെന്നും ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കുമ്പോൾ ആ തുക ഉപയോഗിച്ച് ടിക്കറ്റ് എടുക്കാമെന്നുമാണ്.
അൽഐനിലെ സ്വകാര്യ വിദ്യാലയത്തിലെ നിരവധിപേരാണ് ജൂൺ 27 ന് ഗോ ഫസ്റ്റിന്റെ അബൂദബി - മുംബൈ - കൊച്ചി കണക്ഷൻ വിമാനത്തിൽ 750 ദിർഹമിന് ടിക്കറ്റ് ബുക്ക് ചെയ്തത്. ഈ സർവിസിനെ കുറിച്ച് ഒരു അറിയിപ്പും ടിക്കറ്റ് എടുത്ത ട്രാവൽ ഏജൻസിയിൽനിന്ന് ലഭ്യമാകുന്നില്ല. ആ ദിവസങ്ങളിലെ സർവിസ് ഔദ്യോഗികമായി റദ്ദാക്കാത്തതിനാൽ ടിക്കറ്റ് കാൻസൽ ചെയ്ത് മുഴുവൻ തുകയും തിരികെ ലഭിക്കാനും മറ്റൊരു ടിക്കറ്റ് എടുക്കാനുമുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.