ഷാർജ: സാമ്പത്തിക പ്രതിസന്ധി കാരണം മേയ് ആദ്യവാരം താൽക്കാലികമായി നിർത്തലാക്കിയ സർവിസുകൾ എന്ന് പുനരാരംഭിക്കുമെന്ന് ഗോ ഫസ്റ്റ് വ്യക്തമാക്കാത്തതിനാൽ ടിക്കറ്റെടുത്തവർ കടുത്ത പ്രതിസന്ധിയിൽ. ഓരോ നാലു ദിവസം കൂടുമ്പോഴാണ് അടുത്ത നാലു ദിവസത്തെ സർവിസ് റദ്ദാക്കിയ വിവരം കമ്പനി ഔദ്യോഗികമായി പുറത്തുവിടുന്നത്. നിർത്തലാക്കിയ സർവിസുകളുടെ ടിക്കറ്റ് തുക പൂർണമായും തിരികെ നൽകുമെന്നാണ് ഗോ ഫസ്റ്റ് യാത്രക്കാരെ അറിയിക്കുന്നത്.
എന്നാൽ, പലർക്കും ഇതുവരെ തുക തിരികെ ലഭിച്ചിട്ടില്ല. ഇനി സർവിസുകൾ റദ്ദാക്കാതെ ടിക്കറ്റ് മാത്രം റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കണമെന്നുമില്ല. താരതമ്യേന കുറഞ്ഞ നിരക്കും തിരക്ക് കുറഞ്ഞ സമയങ്ങളിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യവും മൂലമാണ് കൂടുതൽ പേരും കേരളത്തിലേക്ക് ഗോ ഫസ്റ്റിനെ ആശ്രയിക്കുന്നത്.
ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ വേനലവധിയും അടുത്തു വരുന്നതോടെ ആ സമയത്ത് ഉണ്ടാകുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് മുന്നിൽ കണ്ടുമാണ് പലരും നേരത്തെ ടിക്കറ്റ് ബുക് ചെയ്തത്. എന്നാൽ, ഗോ ഫസ്റ്റ് അനിശ്ചിതമായി സർവിസുകൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനായി അധികതുക നൽകി മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. അവധിയായതിനാൽ തിരക്ക് കാരണം പലർക്കും മറ്റ് കമ്പനികളുടെ ടിക്കറ്റ് ലഭ്യമാകാതെയും വരും. ജൂൺ അവസാന ആഴ്ചയിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് യാത്രചെയ്യണമെങ്കിൽ ചുരുങ്ങിയത് 2000 ദിർഹമാണ് ടിക്കറ്റ് നിരക്ക്.അതേസമയം, ടിക്കറ്റ് തുക തിരികെ ലഭിക്കാത്തതിനാൽ പല ട്രാവൽ ഏജൻസികളും കടുത്ത പ്രതിസന്ധിയിലാണ്.
യാത്രക്കാർ പ്രശ്നമാക്കുന്നതോടെ പല ട്രാവൽ ഏജൻസികളും ഗോ ഫസ്റ്റ് ടിക്കറ്റിന് പകരം പുതിയ ടിക്കറ്റുകൾ അധിക തുക നൽകി എടുത്തുനൽകിയിരിക്കുകയാണ്. ഈ തുക പല ട്രാവൽ ഏജൻസികൾക്കും ഇനിയും ലഭിക്കാനുണ്ട്. റദ്ദാക്കിയ ടിക്കറ്റ് തുകക്ക് വേണ്ടി കമ്പനിയുമായി ബന്ധപ്പെടുമ്പോൾ മൂന്ന് ദിവസത്തിനകം തിരികെ നൽകുമെന്നും തുകക്കായി ട്രാവൽ ഏജൻസിയെ ബന്ധപ്പെടാനുമാണ് നിർദേശം.
എന്നാൽ, ടിക്കറ്റ് തുക ക്രെഡിറ്റ് ഷെൽ ആക്കി മാറ്റിയിട്ടുണ്ടെന്നും ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കുമ്പോൾ ആ തുക ഉപയോഗിച്ച് ടിക്കറ്റ് എടുക്കാമെന്നുമാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് അബൂദബിയിലേക്ക് ഗോ ഫസ്റ്റിന്റെ ടിക്കറ്റെടുത്ത കൊടുങ്ങല്ലൂർ സ്വദേശിക്ക് എയർലൈനോ ട്രാവൽ ഏജൻസിയോ സർവിസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഒരു വിവരവും നൽകിയിരുന്നില്ല. യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവിസ് റദ്ദാക്കിയ വിവരം അറിയുന്നത്. തുടർന്ന് എയർ അറേബ്യയുടെ ടിക്കറ്റെടുത്താണ് ഇദ്ദേഹം യാത്ര തുടർന്നത്. അതേസമയം, ഗോ ഫസ്റ്റ് ആഭ്യന്തര സർവിസുകൾ ഉടനെ പുനരാരംഭിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കാൻ ഇനിയും സമയമെടുക്കുമെന്നുമാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.