ദുബൈ: സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അധ്യാപകർക്ക് ഗോൾഡൻ വിസ അനുവദിക്കും. ലോക അധ്യാപക ദിനത്തിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
നഴ്സറികൾ, സ്വകാര്യ സ്കൂളുകൾ, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മികച്ച അധ്യാപകർക്കാണ് ഗോർഡൻ വിസ അംഗീകാരം നൽകുക.
അക്കാദമിക രംഗത്തെ മികവ്, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള അനുകൂലമായ പ്രതികരണം, മികച്ച അക്കാദമിക നേട്ടങ്ങളും ബിരുദ യോഗ്യതകളും കൈവരിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഗോൾഡൻ വിസക്ക് പരിഗണിക്കുക.
മികച്ച അധ്യാപകരെ എമിറേറ്റിലേക്ക് ആകർഷിക്കുകയും നഗരത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഭാവി ശോഭനമാക്കുന്നതിൽ സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. യുവ മനസ്സുകളെ പരിപോഷിപ്പിക്കുകയും നാളത്തെ നേതാക്കളെ കെട്ടിപ്പടുക്കുന്ന മൂല്യങ്ങൾ വളർത്തിയെടുക്കാനുള്ള അധ്യാപകരുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു.
ദുബൈയുടെ ഭാവി രൂപപ്പെടുത്തുന്നതിലും വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും അധ്യാപകരുടെ പങ്ക് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ‘വിദ്യാഭ്യാസ നയം 2033’നോട് ചേർന്നു നിൽക്കുന്നതാണ് പുതിയ സംരംഭം.
ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകരെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചിരുന്നു.
തലമുറകളെ വാർത്തെടുക്കുന്നതിലും യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.