ദുബൈ: ഭൂമിയുടെയും മനുഷ്യകുലത്തിന്റെയും ഭാവിയെക്കുറിച്ച ആഴമേറിയ ആലോചന വേദിയായ യു.എൻ കാലാവസ്ഥ ഉച്ചകോടി(കോപ് 28)ക്ക് ദുബൈയിലെ എക്സ്പോ സിറ്റിയിൽ പ്രൗഢ തുടക്കം. യു.എൻ ഉന്നത ഉദ്യോഗസ്ഥരുടെയും ലോകരാജ്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ സമ്മേളന അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെയാണ് ഉച്ചകോടിക്ക് തുടക്കമായത്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ മുന്നേറ്റത്തിൽ സുപ്രധാനമെന്ന് വിലയിരുത്തപ്പെടുന്ന ‘നാശനഷ്ട നിധി’ക്ക് സമ്മേളനം ആദ്യദിനത്തിൽ ഐകകണ്ഠ്യേന അംഗീകാരം നൽകി. ചരിത്രപരമായ തീരുമാനത്തെ കരഘോഷത്തോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ് നാശനഷ്ട നിധി. ഉച്ചകോടിയുടെ ആദ്യദിനത്തിൽ പദ്ധതിക്ക് ഐകകണ്ഠ്യേന അംഗീകാരം ലഭിച്ചത് ചരിത്ര നേട്ടമാണെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പ്രസ്താവിച്ചു. നിധിയിലേക്ക് 100 ദശലക്ഷം ഡോളർ(833 കോടി രൂപ) യു.എ.ഇ നൽകുമെന്ന് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് യു.എസ്, യു.കെ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഫണ്ട് പ്രഖ്യാപിച്ചു.
അതിനിടെ കാലാവസ്ഥാ നീതിയുടെയും മനുഷ്യാവകാശ സംഘടനകളുടെയും ആഗോള ശൃംഖലയായ കോപ് 28 സഖ്യം എന്ന ഗ്രൂപ് ഫലസ്തീനിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഉച്ചകോടി വേദിയിൽ പത്രസമ്മേളനം നടത്തി. ഡിസംബർ 12വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ലോക നേതാക്കൾ പങ്കെടുക്കുന്ന സെഷനുകൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് നടക്കുന്നത്. ഇതിനായി വിവിധ രാഷ്ട്ര നേതാക്കൾ യു.എ.ഇയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് എന്നിവർ വ്യാഴാഴ്ച എത്തിച്ചേർന്നിട്ടുണ്ട്.
വെള്ളിയാഴ്ച പ്രധാനമന്ത്രി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങളിൽ രാജ്യങ്ങൾ സ്വീകരിച്ച നടപടികളുടെ വിലയിരുത്തലും ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് സംബന്ധിച്ച ചർച്ചകളുമാണ് ഉച്ചകോടിയിൽ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.