ഷാർജ: കിഴക്കിനും പടിഞ്ഞാറിനുമിടയിൽ അക്ഷര ലോകത്തെ കണ്ണിചേർക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാർജ എക്സ്പോ സെന്‍ററിൽ സമാരംഭം. സാഹിത്യത്തെയും വായനയെയും സ്നേഹിക്കുന്നവർ ലോകത്തിന്‍റെ നാലുദിക്കിൽനിന്നും ഒഴുകിയെത്തുന്ന മേളയുടെ 42ാം എഡിഷൻ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു.
‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട പുസ്തകോത്സവത്തിലേക്ക് ഇന്ത്യയടക്കം 108 രാജ്യങ്ങളിൽനിന്ന് 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15 ലക്ഷം പുസ്തകങ്ങളാണുള്ളത്. ദക്ഷിണ കൊറിയയാണ് ഇത്തവണ മേളയുടെ അതിഥി രാജ്യം. ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച ശൈഖ് സുൽത്താൻ കൊറിയൻ പവിലിയൻ സന്ദർശിച്ചു. മേളയുടെ ദിവസങ്ങളിൽ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിലെ ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. ആകെ 460 സാംസ്കാരിക പരിപാടികളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽ നടന്നു.നവംബർ 12 വരെ നീളുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗല്ഭ എഴുത്തുകാരും ചിന്തകരും ജനപ്രതിനിധികളും പ്രസാധകരും പങ്കെടുക്കുന്നുണ്ട്. ലോകത്തെ 69 രാജ്യങ്ങളിൽ നിന്ന് 215 മുഖ്യാതിഥികളാണ് പുസ്തകോത്സവ വേദിയിലെത്തുന്നത്. 1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണ് പുസ്തക ശേഖരവുമായി എത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണം ഇത്തവണ വർധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽ നിന്നു തന്നെയാണ്, 300 പേർ. അറബ് ലോകത്തിന്‍റെ പുറത്തുനിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. യു.കെ, തുർക്കിയ എന്നിവയാണ് തൊട്ടുപിന്നിലായുള്ളത്.
ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ അൽ ഖാസിമി, ഷാർജ ബുക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.