സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്നേഹത്തുരുത്തായി ഗൾഫ് മേഖലയിൽ തിളങ്ങിനിൽക്കുന്ന സാന്നിധ്യമാണ് യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ സ്വപ്നം സാക്ഷാത്കരിച്ച് വികസനത്തിന്‍റെ ഉയരങ്ങൾ കീഴടക്കിയ രാജ്യം, സഹിഷ്ണുത അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാണിന്ന്.
ലോകത്തെ മിക്ക രാജ്യക്കാരും പ്രവാസികളായി ഈ മണ്ണിലിപ്പോൾ വസിക്കുന്നുണ്ട്. അവർക്കെല്ലാം പരസ്പരം ബഹുമാനാദരവുകൾ സൂക്ഷിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കിനൽകിയത് ഭരണാധികാരികളുടെ വലിയ നേട്ടമാണ്. വിവിധ ദേശങ്ങളിൽ നിന്നെത്തിയവർക്ക് ആരാധനാലയങ്ങൾ അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കി നൽകിയിട്ടുണ്ട്. മതപരമായ തീവ്രതയെ നിരാകരിക്കുകയും സമവായത്തിന്‍റെ ആഗോള മാതൃകയാകാനും ഇമാറാത്തിന് സാധ്യമായി.
നിയമനിർമാണത്തിലും ഭരണനിർവഹണത്തിലും എല്ലാം തുല്യത പരിഗണിച്ച ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ഇതിന് നിമിത്തമായത്. പള്ളിയും ചർച്ചും ക്ഷേത്രവുമെല്ലാം തലയുയർത്തി നിൽക്കുന്ന തലസ്ഥാന എമിറേറ്റായ അബൂദബി ഈ മാതൃകയുടെ പരിച്ഛേദമാണ്. സഹിഷ്ണുതയുടെ ഈ മഹാദേശത്തെ അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യവുമായാണ് ‘ഗൾഫ് മാധ്യമം’ മലയാളികളുടെ സാംസ്കാരികോത്സവമായ ‘ഹാർമോണിയസ് കേരള’ക്ക് ഇവിടെ വേദിയൊരുക്കുന്നത്.
ഭാവിയെ ഭാവനയിൽ കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ഭരണാധികാരികളാണ് ഈ രാജ്യത്തിന്‍റെ മുന്നേറ്റത്തിന്‍റെ രഹസ്യം. വളർച്ചയുടെയും തളർച്ചയുടെയും ഘട്ടങ്ങളിലെല്ലാം ഭാവിയിലേക്ക് ഉറ്റുനോക്കുന്നവരാണവർ. സമാധാനവും സഹിഷ്ണുതയും മാനദണ്ഡമാക്കി സാമൂഹിക ജീവിതം രൂപപ്പെടുത്താനും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം വരുമാന സ്രോതസ്സുകളെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് ഉപയോഗപ്പെടുത്താനും ഭരണാധികാരികൾക്ക് സാധിച്ചു.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, വിവിധ എമിറേറ്റുകളിലെ പ്രഗത്ഭരും പ്രജാക്ഷേമ തൽപരരുമായ മറ്റു ഭരണാധികാരികൾ എന്നിങ്ങനെ എല്ലാവരും പുതിയ കാലത്ത് ഈ പാതയിൽ തന്നെയാണ് മുന്നോട്ടു ഗമിക്കുന്നത്.
അസാധ്യമായതായി ഒന്നുമില്ലെന്ന വിശ്വാസമാണ് ഇമാറാത്തി ജനതയെ അവരുടെ നേതൃത്വം പഠിപ്പിച്ച ഏറ്റവും വലിയ മൂല്യം. എണ്ണയില്ലെങ്കിൽ ഗൾഫില്ല എന്ന് പറഞ്ഞവർക്ക് മുമ്പിൽ യൂറോപ്പിനെ വെല്ലുന്ന ടൂറിസം സാധ്യതകൾ തുറന്നിട്ട് മറുപടി നൽകാനായത് ഇതിനാലാണ്.
ശാസ്ത്രത്തിലും വിജ്ഞാനത്തിലും പൂർവകാല അറബ് നാഗരികതകളുടെ പങ്കിനെ അനുസ്മരിപ്പിക്കുന്ന നിരവധി മുന്നേറ്റങ്ങൾക്കും യു.എ.ഇ നേതൃത്വം നൽകുന്നു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ഗവേഷണ ലക്ഷ്യത്തോടെ വൻ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
ആഗോള സാമ്പത്തിക ഫോറത്തിന്‍റെ കണക്കനുസരിച്ച് ലോകത്തെ 25 സുപ്രധാന സാമ്പത്തിക ശക്തികളിൽ യു.എ.ഇയുമുണ്ട്. സംഘർഷങ്ങളിൽ അകലം പാലിക്കാനും സമാധാനത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും തുരുത്തായി നിലനിൽക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
ലോകത്തിന് തന്നെ മാതൃകയായി സഹിഷ്ണുതാ-സഹവർത്തിത്വകാര്യ മന്ത്രാലയം തന്നെ ഇവിടെ രൂപീകൃതമായി. പ്രകൃതിദുരന്തങ്ങളിലും യുദ്ധങ്ങളിലും പ്രതീക്ഷയറ്റുപോകുന്നവരുടെ കൈപിടിക്കാനും ഇമാറാത്ത് മറന്നിട്ടില്ല. ഗസ്സയിൽ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യു.എ.ഇ പ്രഖ്യാപിച്ച ജീവകാരുണ്യ സംരംഭങ്ങൾ ഇതിന്‍റെ തെളിവാണ്.
യു.എ.ഇയുടെ ഈ വിസ്മയകരവും കുലീനവുമായ മുന്നേറ്റത്തിൽ ഇന്ത്യക്കാരടക്കം പ്രവാസി സമൂഹത്തിനും വലിയ പങ്കുണ്ട്. പലപ്പോഴും ഇക്കാര്യം യു.എ.ഇ ഭരണാധികാരികൾ എടുത്തു പറയുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രപരവും പുരാതനവുമായ വാണിജ്യബന്ധം അറബ് ദേശങ്ങളുമായി സൂക്ഷിക്കുന്ന ഇന്ത്യയുമായി യു.എ.ഇ കൂടുതൽ ചേർന്ന് നിൽക്കുന്ന ഘട്ടമാണിപ്പോൾ.
വാണിജ്യ കരാറുകളിലൂടെയും ഭരണാധികാരികളുടെ പരസ്പര സന്ദർശനങ്ങളിലൂടെയും ഇത് കൂടുതൽ ശക്തിപ്പെടുകയാണ്. അതിനാൽ തന്നെ യു.എ.ഇ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ സന്തോഷവും അഭിമാനവും നിറയുന്നവരിൽ നാമോരുത്തരുമുണ്ട്.
മാനവികതയുടെയും ഐക്യത്തിന്‍റെയും സന്ദേശവുമായി വിവിധ ഗൾഫ് നഗരങ്ങളിൽ വിജയകരമായി സംഘടിപ്പിക്കപ്പെട്ട ‘ഹാർമോണിയസ് കേരള’ ആദ്യമായാണ് അബൂദബിയിൽ എത്തിച്ചേരുന്നത്. പ്രവാസി സമൂഹം ഓരോ വേദിയിലും പരിപാടിയെ ഹൃദയത്തിലേറ്റുവാങ്ങിയാണ് സ്വീകരിച്ചത്. ഭൂമിയെയും മാനവിക ലോകത്തെയും സന്തുലിതമായ താളത്തില്‍ നിലനിര്‍ത്തുകയെന്ന കടമ മനുഷ്യർക്കുണ്ട്.
അതിന് ഭീഷണി ഉയര്‍ത്തുന്ന ഉച്ചനീചത്വങ്ങളെ കടപുഴക്കിയെറിയുന്ന ‘ഏകമാനവികത’യുടെ സന്ദേശം പ്രവാസ മണ്ണിൽ മാത്രമല്ല, ലോകത്തിലാകെ പരത്തുന്നതിന് ഓരോ മലയാളിയും പ്രതിജ്ഞ പുതുക്കുന്ന സന്ദർഭം കൂടിയാണ് ‘ഹാർമോണിയസ് കേരള’. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കനൽപെയ്യുന്ന ചുറ്റുപാടിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്‍റെയും തെളിമഴയായി മാറട്ടെ ‘ഹാർമോണിയസ് കേരള’യെന്ന് ആശംസിക്കുന്നു.
ചീഫ് എഡിറ്റർ, ഗൾഫ് മാധ്യമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.