ദുബൈ: വ്യാപാര-വാണിജ്യ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ചചെയ്യുന്ന ‘ഗൾഫ് മാധ്യമം’ ബിസിനസ് സമ്മിറ്റിന്റെ ഒന്നാംഘട്ടം ഇന്ന് അബൂദബിയിൽ നടക്കും. അബൂദബി ഖലീഫ സ്ട്രീറ്റിൽ ലേ റോയൽ മെറിഡിയൻ ഹോട്ടലിൽ വൈകീട്ട് 4.20നാണ് ആദ്യ സെഷൻ.
രാത്രി 8.30വരെ നീണ്ടുനിൽക്കുന്ന സമ്മിറ്റിൽ യു.എ.ഇയിലെ സംരംഭക രംഗത്തെ പ്രമുഖരായ ഷാരിഖ് ശംസുദ്ദീൻ (ഫണ്ട്ഫോളിയോ), ഷാഹിദ് ഖാന (ഡിസക്സ്), മുഹമ്മദ് ശഫീഖ് (ഫിനാൻഷൽസ്), ഉമർ അലി (സേഫ് കെയർ), ഷാലിമർ (സിൽവർ സ്റ്റോം), അജിൽ മുഹമ്മദ് (ഹൈലൈറ്റ്), മുസ്തഫ (സിൽവൻ), ജംഷീദ് ഹംസ (എതിക് കോർപ്) തുടങ്ങിയവർ സംസാരിക്കും. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്, കോർപറേറ്റ് ടാക്സ്, ക്രിപ്റ്റോ കറൻസീസ്, സ്റ്റോക് ട്രേഡിങ്, ടൂറിസം, സ്റ്റാർട്ടപ്സ്, ഫ്രാഞ്ചൈസിങ് തുടങ്ങി സുപ്രധാന വിഷയങ്ങളിൽ ആശയക്കൈമാറ്റങ്ങൾക്കും ക്രിയാത്മകമായ സംവാദങ്ങൾക്കും ചർച്ചകൾക്കും സമ്മിറ്റ് വേദിയാകും. പുതിയ കാലത്തെ ബിസിനസ് സാധ്യതകൾക്കൊപ്പം വിവിധ മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പോംവഴികളും സമ്മിറ്റിൽ ചർച്ചചെയ്യും. യു.എ.ഇയിൽ നടപ്പാക്കിയ കോർപറേറ്റ് ടാക്സ്, ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന നിയമങ്ങൾ എന്നിവയെക്കുറിച്ചും പാനൽ ചർച്ചകൾ നടക്കും.
മിഡിൽ ഈസ്റ്റിലെ ഏറ്റവുംവലിയ വ്യാപാര, വാണിജ്യ, സാംസ്കാരിക, കലാമേളയായ കമോൺ കേരളയോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടി സംരംഭകരുടെ പങ്കാളിത്തംകൊണ്ട് വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യു.എ.ഇയിലെയും കേരളത്തിലെയും പുതിയ വ്യാപാര സാധ്യതകൾ തേടുന്ന ബിസിനസ് സമ്മിറ്റിന് ‘ഗൾഫ് മാധ്യമം’ വേദിയൊരുക്കുന്നത്. സെപ്റ്റംബർ 14ന് ദുബൈ ശൈഖ് സായിദ് റോഡിലെ മെട്രോപൊളിറ്റൻ ഹോട്ടലിലാണ് ‘ഗൾഫ് മാധ്യമം’ ബിസിനസ് സമ്മിറ്റിന്റെ അടുത്ത ഘട്ടം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.