ഷാർജ: ഗൾഫ് മേഖലയും പോർചുഗലും തമ്മിലെ ചരിത്രപരമായ ബന്ധം വിവരിക്കുന്ന പ്രദർശനമൊരുക്കി ഷാർജയിലെ ‘ഹൗസ് ഓഫ് വിസ്ഡം’. ഷാർജ ബുക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ അൽ ഖാസിമിയുടെ നിർദേശ പ്രകാരമാണ് ‘ഗൾഫിലെ പോർചുഗീസ് സാന്നിധ്യം 1507-1650: പാരസ്പര്യത്തിന്റെ ചരിത്രം’ എന പേരിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
നേരത്തെ ഷാർജ പുസ്തകോത്സവ നഗരിയിൽ ഒരുക്കിയ പ്രദർശനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊളോണിയൽ കാലത്ത് അറബ് മേഖലയിലെത്തിയ പോർചുഗീസുകാരുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന പ്രദർശനം ചരിത്രത്തിൽ താൽപര്യമുള്ളവരെയും സാധാരണക്കാരെയും ആകർഷിക്കുന്നതാണ്. 16, 17 നൂറ്റാണ്ടുകളിലാണ് ഗൾഫ് മേഖലയിൽ പറങ്കിപ്പട സാന്നിധ്യമുറപ്പിക്കാൻ ശ്രമം നടത്തിയത്. ഈ മേഖല കൈയടക്കാൻ പോർചുഗീസ് പട പ്രത്യേക താൽപര്യം കാണിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കുന്ന ചരിത്ര രേഖകളും പ്രദർശനത്തിലുണ്ട്. പോർചുഗലിലെ യൂനിവേഴ്സിറ്റി ഓഫ് കോയിംബ്രയാണ് പ്രദർശനം ഒരുക്കിയത്.
കോയിംബ്ര സർവകലാശാലയും ഷാർജ എമിറേറ്റും തമ്മിലെ സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദർശനം. പോർചുഗീസ് കാലത്തെ ഗൾഫ് മേഖലയുടെ ഭൂപടവും ഇവിടെ കാണാവുന്നതാണ്. കോയിംബ്ര സർവകലാശാലയിലെ സെന്റർ ഫോർ ദി ഹിസ്റ്ററി ഓഫ് സൊസൈറ്റി ആൻഡ് കൾച്ചറിന്റെ അക്കാദമിക് പിന്തുണയോടെയാണ് ഇതിലെ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.
സെന്ററിന്റെ വെബ്സൈറ്റിലും പ്രദർശനത്തിന്റെ വിവരങ്ങളുണ്ട്. ഷാർജയും പോർചുഗലും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനും, രണ്ട് പ്രദേശങ്ങളും പരസ്പരം പങ്കുവെച്ച ഭൂതകാലത്തിന്റെ അടയാളങ്ങൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് സംരംഭം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.